കൊല്ലം: പരിചയം നടിച്ച്‌ വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ യുവാവ് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. ഇവര്‍ ശൂരനാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. പതാരത്തുള്ള സ്വകാര്യ പണയ സ്ഥാപനത്തില്‍ പോയി തിരികെ വരുന്ന വഴി പതാരം ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച്‌ ബൈക്കില്‍ എത്തിയ യുവാവ് വീട്ടമ്മയുടെ സമീപം നിര്‍ത്തി. പരിചയഭാവത്തില്‍ സംസാരിക്കുകയും ചെയ്തു. വീട്ടമ്മയുടെ വീടിന്‍റെ ഭാഗത്തേക്കാണ് പോകുന്നതെന്നും, വീടിന് മുന്നില്‍ ഇറക്കാമെന്നും പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു.ഇതിനുശേഷം വീട്ടമ്മയുടെ കൈയിലുണ്ടായിരുന്ന കവറും ബാഗും ബൈക്കിന് മുന്നില്‍ വാങ്ങി വെച്ചു. സംശയം തോന്നാത്തതിനാല്‍ വീട്ടമ്മ അത് നല്‍കുകയും ചെയ്തു. എന്നാല്‍ കുറച്ചു ദൂരം മുന്നോട്ടു പോയ ശേഷം യുവാവ് മനപൂര്‍വ്വം കവര്‍ കൈകൊണ്ട് തട്ടി താഴെയിട്ടു. ഇതോടെ ബൈക്ക് നിര്‍ത്തിയ ശേഷം വീട്ടമ്മയോട് അത് എടുക്കാന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ ബൈക്കില്‍നിന്ന് ഇറങ്ങിയ തക്കം നോക്കി ബാഗുമായി അതിവേഗം ഓടിച്ചു പോകുകയായിരുന്നു. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടകളിലെ സി. സി. ടി. വി ക്യാമറ പരിശോധിച്ചെങ്കിലും ഹെല്‍മറ്റും മാസ്കും വച്ചിരിക്കുന്നതിനാല്‍ യുവാവിനെ തിരിച്ചറിയാനായില്ല. പഴ്സില്‍ 2800 രൂപയും മൊബൈല്‍ ഫോണും പണയം വെച്ചതിന്‍റെ രേഖകളും തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നു. ശൂരനാട് പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക