കേരളത്തിലെ ആദ്യ വനിത ഫോര്‍മുല ഫോര്‍ ഇന്റര്‍നാഷണല്‍ റേസറായി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സാല്‍വ മര്‍ജാൻ എന്ന കോഴിക്കോട്ടുകാരി. വേഗത്തെ പ്രണയിച്ച ഈ ഇരുപത്തിനാലുകാരിയുടെ ചിന്തകളില്‍ മുഴുവനും ഫോര്‍മുല കാര്‍ റേസിങ് ട്രാക്കുകള്‍ മാത്രം. ഫോര്‍മുല വണ്‍ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുകയെന്ന വലിയ ലക്ഷ്യമാണ് മുന്നില്‍. സാഹസിക ഡ്രൈവിങ്ങിന്റെ മറുവാക്കായ ഫോര്‍മുല റേസില്‍ വിദഗ്ധപരിശീലനം നേടാനും പുതുഅവസരങ്ങള്‍ തേടിയുമാണ് സാല്‍വ യു.എ.ഇയിലെത്തിയത്.

അന്താരാഷ്ട്ര ഡ്രൈവര്‍മാര്‍ മാറ്റുരയ്ക്കുന്ന എഫ്.ഐ.എ. ഫോര്‍മുല ഫോര്‍ ഇന്റര്‍നാഷണല്‍ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ചാമ്ബ്യൻഷിപ്പിലൂടെയാണ് ഈ വിഭാഗത്തില്‍ റേസിങ്ങിനായുള്ള യോഗ്യത നേടിയത്. ട്രാക്കിലെ ഓരോ സെക്കൻഡും ഡ്രൈവര്‍ക്ക് വിലപ്പെട്ടതാണെന്നും കണ്ണിമ ചിമ്മുന്ന വേഗത്തില്‍ സഞ്ചരിക്കുന്നതിനു പിന്നില്‍ മാസങ്ങളുടെ കഠിനാധ്വാനം അനിവാര്യമാണെന്നും സാല്‍വ പറയുന്നു. ലൂയിസ് ഹാമില്‍ട്ടണും മൈക്കല്‍ ഷൂമാക്കറും ഉള്‍പ്പടെയുള്ള ഇതിഹാസതാരങ്ങളാണ് മാതൃകകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സാല്‍വയെ ഫോര്‍മുല കാര്‍ റേസിങ് ട്രാക്ക് സ്വപ്നം കാണാൻ പഠിപ്പിച്ചത്. സമപ്രായക്കാര്‍ കാര്‍ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിച്ചപ്പോള്‍ സാല്‍വ ലക്ഷ്യമിട്ടത് റേസിങ് കാര്‍ ലൈസൻസായിരുന്നു. അതീവ സാഹസികത നിറഞ്ഞ മേഖലയിലേക്ക് പ്രവേശിക്കാൻ സാല്‍വയ്ക്ക് മാനസികമായും സാമ്ബത്തികമായും പൂര്‍ണ പിന്തുണയുമായി കുടുംബവുമെത്തി.

തന്റെ ലോഗോയ്ക്കൊപ്പം സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ മാതാപിതാക്കളായ കുഞ്ഞമ്മു പനിച്ചിങ്ങലിന്റെയും സുബൈദയുടെയും കൈയൊപ്പ് പതിപ്പിച്ച ഹെല്‍മെറ്റ് ധരിച്ചാണ് റേസ് ട്രാക്കിലൂടെ സാല്‍വ ചീറിപ്പായുന്നത്. യൂറോപ്പിലെ അന്താരാഷ്ട്ര റേസിങ് ട്രാക്കില്‍ എത്തിച്ചേരുകയെന്ന വലിയ ലക്ഷ്യവും സാല്‍വയ്ക്കുണ്ട്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ സ്വപ്നം കാണുന്നതെല്ലാം സ്വന്തമാക്കാൻ സാധിക്കുമെന്ന വലിയ സന്ദേശമാണ് സാല്‍വ മര്‍ജാൻ ലോകത്തിന് നല്‍കുന്നത്. സഹല, സിനാൻ, സാബിത്ത് എന്നിവര്‍ സഹോദരങ്ങളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക