മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയിലെ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും ലോകായുക്തക്കും മുന്‍ മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെതാണ് ഉത്തരവ്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ പരാതി നിലനില്‍ക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ആര്‍.എസ്. ശശികുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം.

“മുഖ്യമന്ത്രി ഉള്‍പ്പടെ പതിനേഴു മന്ത്രിമാരെയും, ലോകയുക്തയെയും, ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. ലോകായുക്ത ഉത്തരവ് റദ്ദാക്കും എന്ന പ്രതീക്ഷയാണുള്ളത്. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. എന്നാല്‍ സ്വജന പക്ഷപാതം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ലോകായുക്ത കണ്ടെത്തിയത്. ക്രമക്കേട് നടന്നെങ്കില്‍ അത് സ്വജനപക്ഷപാതം തന്നെ. ലോകായുക്തയുടെ കണ്ടെത്തലില്‍ തന്നെ വൈരുധ്യമുണ്ട്. “-ആര്‍.എസ്.ശശികുമാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിക്കു പണം അനുവദിക്കാനുള്ള അധികാരമുണ്ടെന്നും മന്ത്രിമാര്‍ സ്വജനപക്ഷപാതമോ അഴിമതിയോ കാട്ടിയതിനു തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശശികുമാര്‍ നല്‍കിയ ഹര്‍ജി ലോകായുക്തയുടെ മൂന്നംഗ ബെഞ്ച്‌ തള്ളിയത്. ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപ ലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും പ്രത്യേകം ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.

മന്ത്രിസഭാ തീരുമാനത്തെ ലോകായുക്തയില്‍ ചോദ്യം ചെയ്യാൻ പോലും കഴിയില്ലെന്നായിരുന്നു ഉപ ലോകായുക്തയുടെ ഉത്തരവ്. ഈ മൂന്ന് ഉത്തരവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക