അടിമുടി നവീകരണത്തിന്‍റെ പാതയിലാണ് ഇന്ത്യൻ റെയില്‍വേ. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ റെയില്‍വേ സ്റ്റേഷനുകളും വേഗതയും സുരക്ഷയും ഉറപ്പാക്കുന്ന വന്ദേ ഭാരത് പോലെയുള്ള ട്രെയിനുകള്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്നു. ഇപ്പോഴിതാ അമൃത് ഭാരത് എന്ന പേരില്‍ പുതിയ തരം ട്രെയിനും റെയില്‍വേ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ രണ്ട് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ നിര്‍വഹിച്ചു. പുതിയതായി അവതരിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് ട്രെയിനില്‍നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

അമൃത് ഭാരത് ട്രെയിൻ: നോ-ഫ്രിൽ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് സര്‍വീസിന് കീഴിലാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദീര്‍ഘദൂര സര്‍വീസ് നോണ്‍ എസി സ്ലീപ്പര്‍, അണ്‍റിസര്‍വ്ഡ് ക്ലാസ് സര്‍വീസാണ്. സാധാരണയായി രാത്രി സമയങ്ങളിലായിരിക്കും ഈ ട്രെയിനുകള്‍ സഞ്ചരിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

800 കിലോമീറ്ററിലധികം ദൂരത്തിലോ 10 മണിക്കൂറിലെ സമയപരിധിയിലോ സ്ഥിതി ചെയ്യുന്ന രാജ്യത്തെ നഗരങ്ങള്‍ക്കിടയിലുള്ള സര്‍വീസായിരിക്കും അമൃത് ഭാരത് എക്സ്പ്രസ്. വളരെ ഉയര്‍ന്ന വേഗതയില്‍ ഓടാൻ പ്രാപ്തമായ പുഷ്പുള്‍ ട്രെയിനുകളാണ് അമൃത് ഭാരത്. ട്രെയിൻ പുറപ്പെട്ട ഉടൻ തന്നെ വേഗത ആര്‍ജിക്കാൻ കഴിയും. നിലവിലെ സാഹചര്യത്തില്‍ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 110-130 കിലോമീറ്ററായിരിക്കും.

ഷോക്കുകളുടെ സാധ്യത ഇല്ലാതാക്കുന്ന സെമി-പെര്‍മനന്റ് കപ്ലറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ സീറ്റിനും സമീപം ചാര്‍ജിംഗ് പോയിന്റുകള്‍ നല്‍കിയിട്ടുണ്ട്. വികലാംഗര്‍ക്കായി വിശാലമായ വാതിലുകളും റാമ്ബുകളുള്ള പ്രത്യേക ടോയ്‌ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. 22 കോച്ചുകളുള്ള ട്രെയിനില്‍ 1800 പേര്‍ക്ക് യാത്ര ചെയ്യാം.

വന്ദേ ഭാരത് എക്സ്പ്രസ്: വന്ദേ ഭാരത് എക്സ്പ്രസ് ഇടത്തരം ദൂരങ്ങളിലുള്ള രണ്ടു നഗരങ്ങളെ ബന്ധിപ്പിച്ച്‌ സര്‍വീസ് നടത്തുന്ന അതിവേഗ ശതാബ്ദി എക്സ്പ്രസ് ശ്രേണിയില്‍പ്പെടുന്ന ട്രെയിനുകളാണ്. വന്ദേ ഭാരത് പകല്‍ സമയത്ത് ഓടുന്നു. അവ 10 മണിക്കൂറിലെ താഴെ ദൂരപരിധിയിലുള്ള രണ്ടു നഗരങ്ങള്‍ക്കിടയിലാണ് സര്‍വീസ് നടത്തുന്നത്.

സെമി ഹൈസ്പീഡ് നിലവാരത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗത. ഡല്‍ഹി-ഭോപ്പാല്‍ റൂട്ടില്‍ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററിലും മറ്റുള്ള റൂട്ടുകളില്‍ വന്ദേഭാരത് വേഗത മണിക്കൂറില്‍ 110 മുതല്‍ 130 കിമീ വരെയുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ സര്‍വീസ് 2019 ഫെബ്രുവരി 15-ന് ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക