റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്ന് നടൻ മമ്മൂട്ടി. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നതെന്നും സിനിമ കാണണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ-ദി കോർ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടെന്നും, അതിനെ കുറിച്ച് നിങ്ങൾ കേട്ടുകാണുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്വവര്‍ഗാനുരാഗിയോട് സമൂഹം പുലര്‍ത്തുന്ന മനോഭാവം ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയാണ് സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ ഗ്രൂപ്പുകളില്‍ അടക്കം ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സങ്കീര്‍ണമായ കഥാപരിസരമാണ് ചിത്രത്തിന്റേതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തിന്റെ രീതികൾക്ക് വഴങ്ങി മമ്മൂട്ടി ജ്യോതികയുടെ കൂടെ കഴിയുന്നു എന്നാണ് സൂചന. ഇതിനെ കുറിച്ചാണ് മമ്മൂട്ടി സൂചിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്’, മമ്മൂട്ടി പറഞ്ഞു.

അതേസമയം, മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. നവംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഗോവ ചലച്ചിത്രമേളയിലും ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക