ഐ ഫോണ്‍ ആരാധകര്‍ക്കായി മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ആപ്പിള്‍ അ‌വതരിപ്പിച്ച ഐഫോണ്‍-15 സീരീസ് ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിലര്‍ പുതിയ ഐഫോണ്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന് വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ആപ്പിള്‍ ഇതുവരെ ഇറക്കിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഐഫോണ്‍ സീരീസാണ് ഇത്തവണത്തേത് എന്നാണ് സിഇഒ ടിം കുക്ക് പറയുന്നത്. അ‌തില്‍ത്തന്നെ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡല്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും മികച്ച മോഡല്‍ ആണ് എന്ന് ടിം കുക്ക് സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും പുതിയ ഐഫോണിനെ അംഗീകരിക്കാൻ ചില താല്‍പ്പര്യപ്പെടുന്നില്ല. ഒരുപക്ഷേ, ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളോടുള്ള താല്‍പര്യമാകാം അ‌വരെ അ‌തിന് പ്രേരിപ്പിക്കുന്നത്. ഐഫോണ്‍ 15 സീരീസ് ഇറങ്ങിയതു മുതല്‍ നിരവധി പരാതികള്‍ പുതിയ മോഡലുകള്‍ക്കെതിരേ ഉയര്‍ന്നു. അ‌തില്‍ ഏറ്റവും വിമര്‍ശനം നേരിട്ട ഒരു മോഡല്‍ ആണ് 15 പ്രോ മാക്സ്. സാംസങ് ഗാലക്സി ആരാധകര്‍ ആണ് ഈ ഐഫോണ്‍ വിമര്‍ശനത്തില്‍ മുൻനിരയിലുള്ളത് എന്ന് വിവിധ പ്രതികരണങ്ങള്‍ കണ്ടാല്‍ മനസിലാകും. സാംസങ്ങിനെ ആരാധിക്കുകയും ഐഫോണിനെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ഒരു ആയുധം കൂടി ലഭ്യമായിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂട്യൂബര്‍ ഫോണ്‍ബഫ് ആണ് ഐഫോണ്‍ ആരാധകരെ അ‌ടിക്കാനുള്ള വടി സാംസങ് ആരാധകരുടെ കൈയില്‍ എത്തിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്. ഗാലക്സി എസ്23 അ‌ള്‍ട്രയെയും ഐഫോണ്‍ 15 പ്രോ മാക്സിനെയും ഉള്‍പ്പെടുത്തി ഫോണ്‍ബഫ് ഒരു ഡ്രോപ്പ് ടെസ്റ്റ് നടത്തി. ഇത്തവണ അ‌വതരിപ്പിക്കപ്പെട്ട ഐഫോണ്‍ 15 മോഡലുകളുടെ പ്രധാന സവിശേഷത ടൈറ്റാനിയം ബോഡി ആയിരുന്നു എന്ന് ഓര്‍ക്കണം. ഈ പശ്ചാത്തലത്തില്‍ കൂടിയാകാം. ഐഫോണ്‍ 15 പ്രോ മാക്സിനെയും എതിരാളിയായ സാംസങ് എസ്23 അ‌ള്‍ട്രയെയും ഉള്‍പ്പെടുത്തി ഒരു ഡ്രോപ് ടെസ്റ്റ് നടത്താൻ യൂട്യൂബറെ പ്രേരിപ്പിച്ചത്.

ഇരുഫോണുകളും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കുമെന്ന് അ‌റിയാനുള്ള ആകാംക്ഷ എല്ലാ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കും ഉണ്ട്. ഈ ഒരു സാധ്യതകൂടി കണക്കിലെടുത്തുകൊണ്ടാകാം യൂട്യൂബര്‍ ഡ്രോപ്പ് ടെസ്റ്റ് നടത്തിയത്. ടൈറ്റാനിയം ബോഡി അ‌വതരിപ്പിച്ചുകൊണ്ട് മികച്ച ഈട് ഐഫോണ്‍-15 സീരീസിന് ഉണ്ടാകുമെന്നാണ് ആപ്പിളറിയിച്ചത്. പക്ഷേ ടൈറ്റാനിയം ബോഡിയുള്ള 15 പ്രോ മാക്സിനെ തോല്‍പ്പിച്ചുകൊണ്ട് ടെസ്റ്റില്‍ ജയിച്ചത് സാംസങ് ആയിരുന്നു എന്നുമാത്രം.ഡ്രോപ് ടെസ്റ്റില്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കാം: ഏകദേശം അ‌രക്കെട്ടിന്റെ ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ ടൈറ്റാനിയം ബോഡിയുള്ള ഐഫോണ്‍ 15 പ്രോ മാക്സിന്റെ പിൻഭാഗം തകര്‍ന്നു, ഗ്ലാസിന് ചുറ്റും വിള്ളലുകള്‍ വീണു. അ‌തേസമയം അലൂമിനിയം ഫ്രെയിമും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും ഉള്ള ഗാലക്‌സി എസ് 23 അള്‍ട്രയുടെ രണ്ട് കോണുകളില്‍ ചെറിയ വിള്ളലുകള്‍ മാത്രമാണ് ഉണ്ടായത്.

രണ്ടാം റൗണ്ടില്‍, യൂട്യൂബര്‍ രണ്ട് ഫോണുകളുടെയും ഒരു കോണ്‍(മൂല) താഴെ പതിക്കും വിധമാണ് ഇട്ടത്. ഈ പരിശോധനയില്‍, ഐഫോണിന്റെ ടൈറ്റാനിയം ഫ്രെയിമിന് കാര്യമായ കേട്പാടുകള്‍ ഉണ്ടായില്ല. അ‌തേസമയം ഗാലക്സി എസ്23 അ‌ള്‍ട്രയുടെ അ‌ലൂമിനിയം ഫ്രെയിമില്‍ ചെറിയ രൂപമാറ്റം ഉണ്ടായി. എങ്കിലും രണ്ട് ഫോണുകളും വീഴ്ചയ്ക്ക് ശേഷവും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു.

മൂന്നാമത്തെ ടെസ്റ്റില്‍, സ്‌ക്രീനുകള്‍ താഴേക്ക് അഭിമുഖമായിട്ടാണ് ഇട്ടത്. ഈ ടെസ്റ്റില്‍ രണ്ട് ഫോണുകളുടെയും സ്‌ക്രീനുകള്‍ കാര്യമായി തകര്‍ന്നു, എന്നാല്‍ കര്‍വ്ഡ് സ്‌ക്രീൻ ഉള്ള എസ്23യുടെ നില അല്‍പ്പം മോശമായിരുന്നു. എങ്കിലും രണ്ട് ഫോണുകളുടെയും ഇൻ- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെൻസര്‍ ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമായിരുന്നു.

നാലാം റൗണ്ട് ഡ്രോപ്പ് ടെസ്റ്റില്‍ രണ്ട് ഫോണുകളും വളരെ ഉയരത്തില്‍നിന്ന് താഴേക്ക് ഇട്ടു. തൊട്ടുമുമ്ബത്തെ ടെസ്റ്റില്‍ കാണപ്പെട്ടതിന് സമാനമായ നിലയിലാണ് സാംസങ് എസ്23 അ‌ള്‍ട്ര ഉണ്ടായിരുന്നത്. എന്നാല്‍ 15 പ്രോ മാക്സിന്റെ നില കൂടുതല്‍ മോശമായിരുന്നു. മുൻഗ്ലാസിലും പിന്നിലും വിള്ളലുകള്‍ ഉണ്ടായി.ഡ്രോപ്പ് ടെസ്റ്റിന്റെ നാല് റൗണ്ടുകളില്‍ നിന്നും ശരാശരി പോയിന്റുകള്‍ കണക്കുകൂട്ടി ടെസ്റ്റില്‍ ഗാലക്സി എസ്23 അ‌ള്‍ട്രയെ വിജയിയായി പ്രഖ്യാപിച്ചു.

ടൈറ്റാനിയം അ‌ലൂമിനിയത്തെക്കാള്‍ ശക്തമായാണ് കരുതപ്പെടുന്നത്. എന്നാലിവിടെ ഭാരം കുറയ്ക്കുന്നതിനായി ടൈറ്റാനിയം കാര്യമായ അ‌ളവില്‍ ഉപയോഗിച്ചിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അ‌തേസമയം, അ‌ടുത്തുവരുന്ന എസ്24 അ‌ള്‍ട്രയില്‍ ടൈറ്റാനിയം ഫ്രെയിം ആയിരിക്കും ഉണ്ടാകുക എന്ന് അ‌ഭ്യൂഹം പരക്കുന്നുണ്ട്.അ‌ത്തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഭാരം കുറയ്ക്കാനൊന്നും സാംസങ് ഉദ്ദേശിക്കുന്നില്ല. അ‌തിനാല്‍ ഐഫോണ്‍ 15 പ്രോ മാക്സിലെക്കാള്‍ ശക്തമായിരിക്കും എസ്24 അ‌ള്‍ട്രയിലെ ടൈറ്റാനിയം ബോഡി എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്തായാലും ഒരു യൂട്യൂബര്‍ നടത്തിയ പരീക്ഷണം എന്നതിനപ്പുറം ഈ റിസള്‍ട്ടിനെ പൂര്‍ണ്ണമായും ആധികാരികം എന്ന് കണക്കാക്കാനാകില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക