വാഷിംഗ്ടണ്‍: ഏകദേശം മൂന്ന് സ്കൂള്‍ ബസുകളുടെ വലിപ്പമുള്ള ചൈനയുടെ ചാര ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അമേരിക്കന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലായിട്ടായിരുന്നു ഫൈറ്റര്‍ ജെറ്റുകള്‍ ബലൂണിനെ തകര്‍ത്തത്. ഇതിന് മുമ്ബായി വടക്കന്‍ കരോലിനയുടെയും തെക്കന്‍ കരോലിനയുടെയും തീരങ്ങള്‍ക്ക് മുകളിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും വ്യോമയാത്ര നിരോധിച്ചിരുന്നു. കൂടാതെ സമീപത്തുള്ള മൂന്ന് വിമാനത്താവളങ്ങള്‍ പൂര്‍ണമായി അടച്ചിടുകയും ചെയ്തു.

അമേരിക്കയുടെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളി എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ ബലൂണിനെ ഹൈടെക്ക് എഫ് 22 റാപ്റ്റര്‍ വിമാനത്തിന്റെ സഹായത്തോടെയാണ് വെടിവച്ച്‌ വീഴ്ത്തിയത്. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. അമേരിക്കന്‍ തീരത്ത് നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ മാറിയാണ് ഇത് സമുദ്രത്തില്‍ പതിച്ചത്. കടലിന് ഏകദേശം 14 മീറ്റര്‍ മാത്രം ആഴമുള്ള ഭാഗത്താണ് ഇത് വീണിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്നും ഇതിനായുള്ള നാവിക സേനയുടെ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ ബലൂണ്‍ വെടിവച്ച്‌ വീഴ്ത്താന്‍ ബൈഡന്‍ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ബലൂണ്‍ പറന്ന് കടലിന് മുകളില്‍ എത്തുന്നത് വരെ സൈന്യം കാത്തിരിക്കുകയായിരുന്നു. ജനവാസ മേഖലയ്ക്ക് മുകളില്‍ വച്ച്‌ ബലൂണ്‍ തകര്‍ത്താലുണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ജനുവരി 28നായിരുന്നു ഇത് അമേരിക്കന്‍ അതിര്‍ത്തിയില്‍ ആദ്യം പ്രവേശിച്ചത്. പിന്നീട് കാനഡയുടെ വ്യോമമേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 31ന് വീണ്ടും അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തുകയായിരുന്നു.

പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്ള മൊണ്ടാനയിലായിരുന്നു ബലൂണ്‍ കാണപ്പെട്ടത്.വളരെ ഉയരത്തില്‍ പറക്കുന്ന ഈ ബലൂണില്‍ ആധുനിക ക്യാമറകളും ഇമേജിംഗ് സാങ്കേതിക വിദ്യയുമൊക്കെ ഉണ്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാറ്റിന്റെ ഗതിയനുസരിച്ചാണ് ഇവ സഞ്ചരിക്കുന്നത്. ഈ ബലൂണ്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനത്തിനുള്ളതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കടലില്‍ നിന്ന് ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതോടെ ചാര ബലൂണാണോ എന്ന കാര്യത്തില്‍ വ്യക്തത വരുമെന്നാണ് നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക