അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് സംസ്ഥാനത്തെ മുന്‍നിര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് സ്ഥാപനമായ അജ്മല്‍ ബിസ്മിയെ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് അന്തിമതീരുമാനം എടുത്തു. 800 കോടി വാര്‍ഷിക വിറ്റുവരവുള്ള അജ്മല്‍ ബിസ്മി 600 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 300 കോടിക്കും 400 കോടിക്കും ഇടയിലാണ് ഇടപാട് എന്ന് റിലയന്‍സ് ഉന്നതവൃത്തങ്ങളില്‍ നിന്ന് അറിയുന്നു.

സംസ്ഥാനത്തു റിലയന്‍സ് നടത്തുന്ന ആദ്യ ടേക്ക് ഓവറാണിത്. ബിസ്മിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളും ബ്രാന്‍ഡ് നെയിമും ഇടപാടുകളുടെ പരിധിയില്‍ വരും. എറണാകുളം മരടില്‍ താമസിക്കുന്ന വി.എ. അജ്മലിന്റെ ഉടമസ്ഥതയിലുള്ളതാണ് അജ്മല്‍ ബിസ്മി. ചെറിയകാലം കൊണ്ട് വന്‍വളര്‍ച്ച നേടിയ അജ്മല്‍ ബിസ്മിക്ക് സംസ്ഥാനത്ത് 20 ഷോറൂം ഉണ്ട്. ഇതില്‍ ഒന്‍പതും എറണാകുളത്താണ്. പക്ഷേ, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് വിപണിയിലെ കടുത്ത മത്സരം മൂലം സാമ്ബത്തിക പ്രതിസന്ധിയില്‍ പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാഹചര്യത്തിലാണ് വില്‍പന തീരുമാനത്തിലേക്ക് അജ്മല്‍ ബിസ്മി എത്തിയത്. റിലയന്‍സ് ഡിജിറ്റലിലൂടെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് മാര്‍ക്കറ്റില്‍ രാജ്യമാകെ ചുവടുറപ്പിക്കാന്‍ ശ്രമിച്ചു വരുന്ന സാഹചര്യത്തിലാണ് അജ്മല്‍ ബിസ്മിയിലെ പ്രതിസന്ധിയെപ്പറ്റി റിലയന്‍സ് അറിയുന്നത്. ‘ഞങ്ങളുടേതിനു സമാനമായ ബിസിനസാണ് അവര്‍ ചെയ്യുന്നത്. മാത്രമല്ല, വിശാലമായ ഷോറും. നല്ല കസ്റ്റമര്‍ ബേസും ബിസ്മിക്കുണ്ട്. പുതിയ ഷോറൂമുകള്‍ തുടങ്ങുന്നതിനേക്കാള്‍ ലാഭകരം ഇവ ഏറ്റെടുക്കുന്നതായി കമ്ബനിക്കു തോന്നി. മികച്ച ഓഫര്‍ നല്കി, അവരതു സ്വീകരിച്ചു.’ റിലയന്‍സിലെ ഉന്നതന്‍ പറഞ്ഞു.

അടുത്ത സാമ്ബത്തിക വര്‍ഷത്തോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാവും. ബ്രാന്‍ഡിന്റെ പേര് അതേപടി നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ റിലയന്‍സ് തീരുമാനം എടുത്തിട്ടില്ല. അടുത്തിടെ ബിഗ് ബസാര്‍ ഏറ്റെടുത്തപ്പോള്‍ സ്മാര്‍ട് ബസാര്‍ എന്നു റിലയന്‍സ് പേരു മാറ്റിയിരുന്നു. ജര്‍മന്‍ റീട്ടെയ്ലര്‍ ആയ കാഷ് ആന്‍ഡ് കാരിയുടെ ഏറ്റെടുക്കല്‍ പ്രക്രിയയും പൂര്‍ത്തിയായി വരുന്നതായി റിലയന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

റീട്ടെയില്‍ മേഖലയില്‍ രാജ്യത്ത് ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഗ്രൂപ്പ്. അടുത്തിടെ 152 കോടി രൂപയ്ക്ക് തമിഴ്‌നാട്ടിലെ കണ്ണന്‍ ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റോഴ്സ് ഏറ്റെടുത്തു. കലാനികേതന്‍ എന്ന എത്‌നിക് വെയര്‍ റീട്ടെയ്‌ലറും പ്രാദേശിക റീട്ടെയില്‍ ശൃംഖലയായ ജയസൂര്യ റീട്ടെയിലും റിലയന്‍സ് സമീപകാലത്ത് ഏറ്റെടുത്തവയില്‍ പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക