കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ നടുക്കി തൃണമൂല്‍ മന്ത്രിസഭയിലെ രണ്ടാമനെ ഇഡി അകത്താക്കിയിരിക്കുകയാണ്. അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടിയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതോടെയാണ് വാണിജ്യ-വ്യവസായ മന്ത്രിയായ പാര്‍ത്ഥ ചാറ്റര്‍ജി കുരുക്കിലായത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനും, പശ്ചിമ ബംഗാള്‍ പ്രൈമറി എഡ്യുക്കേഷന്‍ ബോര്‍ഡുമായി ബന്ധപ്പെട്ട നിയമന കോഴയുടെ ഭാഗമാണ് 20 കോടി എന്നാണ് ഇഡിയുടെ നിഗമനം. എന്തായാലും, അധികം ആരും അറിയാത്ത അര്‍പ്പിത മുഖര്‍ജി ആരെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. നോട്ടുകെട്ടുകളില്‍ കിടന്നുറങ്ങിയ സുന്ദരിയാര് എന്ന മട്ടില്‍ മസാലയും നിരത്തുന്നു.

പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയെന്നാണ് അര്‍പ്പിതയെ ഇഡി വിശേഷിപ്പിച്ചത്. ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ ചെറുകിട വേഷങ്ങള്‍. ഫേസ്‌ബുക്ക് ബയോ നോക്കിയാല്‍, ടോളിവുഡിലെ( തെലുഗു സിനിമ) നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ബഹുമുഖ പ്രതിഭ എന്നാണ് കാണാന്‍ കഴിയുക. ബംഗാളി സുപ്പൂര്‍ താരങ്ങളുടെ ഒപ്പം അര്‍പ്പിത അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ പ്രസന്‍ജിത്ത് ചാറ്റര്‍ജി( മാമ ഭാഗ്നെ-2009), ജീത്( പാര്‍ട്ണര്‍-2008) എന്നിവര്‍ക്കൊപ്പം വേഷമിട്ടു. 2019 ലും 2020 ലും നക്തല ഉദയന്‍ സംഗ എന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെ ദുര്‍ഗ്ഗ പൂജാ കമ്മിറ്റിയുടെ പ്രചാരണ പരിപാടികളുടെ മുഖമായിരുന്നു. കൊല്‍ക്കത്തയില്‍, ഏറ്റവും വലിയ ദുര്‍ഗ്ഗ പൂജ കമ്മിറ്റികളില്‍ ഒന്നാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അര്‍പ്പിത മുഖര്‍ജി വര്‍ഷങ്ങളായി നക്തല പൂജയില്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ വലംകൈയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാര്‍ത്ഥയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജി അടിക്കടി അര്‍പ്പിതയുടെ വസതി സന്ദര്‍ശിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അര്‍പ്പിത മുഖര്‍ജി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ബിജെപി നേതാവ് സുവേന്ദു അധികാരി പങ്കുവച്ചിട്ടുണ്ട്. ദക്ഷിണ കൊല്‍ക്കത്തയിലെ ആഡംബര ഫ്‌ളാറ്റിലാണ് താമസം. അര്‍പ്പിതയുടെ വസതി ഇഡിയുടെ ആദ്യ റെയ്ഡ് പട്ടികയില്‍ ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. 13 ഇടത്താണ് ഇഡി റെയ്ഡ് നടത്തിയത്. ഈ റെയ്ഡിനിടയാണ് അര്‍പ്പിതയുടെ പേരും പൊന്തി വന്നത്. ഇതേ തുടര്‍ന്ന് വസതിയിലെത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കോടികള്‍ എണ്ണി തിട്ടപ്പെടുത്താന്‍, നോട്ട് എണ്ണുന്ന യന്ത്രം മാത്രമല്ല ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും തേടേണ്ടി വന്നു.

2000 ത്തിന്റെയും 500 ന്റെയും നോട്ടുകളാണ് അര്‍പ്പിതയുടെ വസതിയില്‍ നിന്ന് കണ്ടെടുത്തത്. വസതിയുടെ പരിസരത്ത് നിന്ന് ഇരുപതിലേറെ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ചാറ്റര്‍ജിയുടെ വസതി കൂടാതെ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, മാണിക് ഭട്ടാചാര്യ എംഎല്‍എ എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന ആരോപിക്കുന്ന സമയത്ത് പാര്‍ത്ഥ ചാറ്റര്‍ജി ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. ഇപ്പോള്‍, അദ്ദേഹം വ്യവസായ-വാണിജ്യകാര്യ മന്ത്രിയാണ്. അനധികൃത രേഖകള്‍, റെക്കോര്‍ഡുകള്‍, വ്യാജ കമ്ബനികളുടെ വിവരങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വിദേശ കറന്‍സികള്‍, സ്വര്‍ണം എന്നിവ ഈ വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തേ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ ആരോപണങ്ങളെ തുടര്‍ന്നു വ്യവസായ വകുപ്പിലേക്കു മാറ്റിയിരുന്നു. രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കുന്നതിന്റെ ഭാഗമായുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡി റെയ്‌ഡെന്നു തൃണമൂല്‍ പ്രതികരിച്ചു. ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടു സിബിഐ പാര്‍ഥ ചാറ്റര്‍ജി, പരേഷ് സി.അധികാരി എന്നിവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക