തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽനിന്നു വീണു യുവാവു മരിച്ച സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്ണു ഭവനിൽ വിഷ്ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ് കളത്തിൽ വീട്ടിൽ ശരത് കുമാർ (25), വെൺപാലവട്ടം കുന്നിൽ വീട്ടിൽ നിതീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോലിയക്കോട് കീഴാമലയ്ക്കൽ സ്വദേശി ഷിബു (32) ആണു മരിച്ചത്. സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികിൽസ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടിൽ ഉപേക്ഷിച്ചതിനെ തുടർന്നാണു മരണം സംഭവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് ടെറസിൽനിന്നു വീഴുന്ന ദൃശ്യങ്ങൾ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികൾ ഇറങ്ങുന്നതിനിടെ ഷിബു മുകളിൽനിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകൾ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാർന്നു മരിച്ചു.

ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. സിടി സ്കാനും എക്സ്റേയും എടുക്കാൻ നിർദേശിച്ചെങ്കിലും പരിശോധനയ്ക്കു നിൽക്കാതെ സുഹൃത്തുക്കൾ പുലർച്ചെ മൂന്നു മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാർജ് വാങ്ങുന്നതെന്നാണ് മെഡിക്കൽ കോളജിൽ പറഞ്ഞത്. ഇതിനായി വ്യാജപേരുകളാണ് പ്രതികൾ നൽകിയത്.

പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചിപോലും ഊരിമാറ്റിയിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. പിറ്റേന്നു രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാർന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ആരെയും ഫോണിൽ ലഭിച്ചില്ല. തുടർന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക