കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച്‌ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്.

മലപ്പുറം വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച്‌ അബ്ദുല്‍ ഹമീദ് കല്പറ്റയിലെത്തിച്ച്‌ ലോഡ്ജില്‍ മുറിയെടുത്തു. യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത് സ്വന്തം തിരിച്ചറിയല്‍ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അബ്ദുല്‍ ഹമീദ് മോഷണം നടത്തിയ സമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച്‌ വന്നതിനാല്‍ സി.സി.ടി.വി.യിലും വ്യക്തമായ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. പ്രതിയെ കണ്ടെത്താനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലോഡ്ജുകളിലെല്ലാം പോലീസ് വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാള്‍ മംഗലാപുരത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്തപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ കല്പറ്റ പോലീസില്‍ വിവരമറിയിച്ചു.

പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കോയമ്ബത്തൂരിലേക്ക് പോകാനായി മുറി ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാത്രി പോലീസ് സ്റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കല്പറ്റ സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ കോഴിക്കോടുള്ള ജൂവലറിയിലാണ് വിറ്റത്.

ഇയാളുടെ പേരില്‍ പല ജില്ലകളിലായി 18 പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. ഇയാളുടെ പേഴ്‌സ് പരിശോധിച്ചപ്പോഴാണ് ഇത്രയും സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പോലീസിന് വ്യക്തമായത്. പ്രതിതന്നെ കേസുള്ള സ്റ്റേഷന്റെ പേരുകള്‍ കടലാസിലെഴുതി പേഴ്‌സില്‍ സൂക്ഷിക്കുകയായിരുന്നെന്നും കേസ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ശരിയായിരുന്നെന്നും പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക