കീവ്: യുക്രെയ്നിൽ മിന്നൽ സന്ദർശനം നടത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ കിഴക്കൻ യുക്രെയ്നിൽ സന്നാഹം കൂട്ടുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകൂട്ടി അറിയിക്കാതെയുള്ള ഈ സന്ദർശനം സുപ്രധാനമാണ്. യുക്രെയ്നിന് ആവശ്യമായ എല്ലാ ആയുധങ്ങളും ബ്രിട്ടൻ ജി 7 പങ്കാളികളുമൊത്ത് ലഭ്യമാക്കുമെന്നും പുട്ടിന്റെ പരാജയം ഉറപ്പാക്കുന്നതിന് റഷ്യയുടെ സമ്പദ്‍വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിക്കുന്ന ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജോൺസൻ ട്വീറ്റ് ചെയ്തു.

യുക്രെയ്നിനും അവിടെനിന്നുള്ള അഭയാർഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾക്കുമായി 100 കോടി യൂറോ സഹായം യൂറോപ്യൻ കമ്മിഷൻ വാഗ്ദാനം ചെയ്യുന്നതായി ഇയു എക്സിക്യുട്ടീവ് ഉർസുല വാൻഡെർലെയ്ൻ ബ്രസ്സൽസിൽ അറിയിച്ചു. കീവിൽ നിന്നും മറ്റും പിന്മാറിയ റഷ്യൻ സേന കിഴക്കൻ മേഖലയിൽ ആക്രമണം ശക്തമാക്കുന്നതായി സൂചന ലഭിച്ചതോടെ യുക്രെയ്നിന്റെ കിഴക്കൻ മേഖലയായ ലുഹാൻസ്കിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. മേഖലയിലെങ്ങും വ്യോമാക്രമണ മുന്നറിയിപ്പ് പലതവണ മുഴങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോനെട്സ്ക് മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരുന്ന ക്രമതോർസ്ക് റെയിൽവേ സ്റ്റേഷനിലുണ്ടായ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. മധ്യ–കിഴക്കൻ യുക്രെയ്നിലെ മിർഹൊറോദ് വ്യോമത്താവളം റഷ്യൻ സേന തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ ‘പ്രത്യേക നടപടി’ ലക്ഷ്യം കണ്ടെന്നും വൈകാതെ അവസാനിക്കുമന്നും റഷ്യ വ്യക്തമാക്കി.

ബുച്ച കൂട്ടക്കൊല ആരോപണത്തിനു പിന്നാലെ ക്രമതോർസ്ക് മിസൈൽ ആക്രമണവും യുദ്ധക്കുറ്റമായി കാണണമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വാൻഡെർലെയ്ൻ പറഞ്ഞു. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് മുന്നറിയിപ്പ് നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക