പ്രതിപക്ഷനേതാവ് പങ്കെടുത്ത കെ റെയിൽ സമരവേദിയിൽ നിന്ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് വിട്ടുനിന്നത് വലിയ വാർത്തയായിരുന്നു. പാർട്ടിയിൽ ഒരു വിഭാഗം അണികൾക്കും ഈ വിഷയത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ അണികളുടെ സമരവീര്യം തിരികെ പിടിച്ച് 48 മണിക്കൂറിനുള്ളിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ശക്തമായ കേന്ദ്ര സർക്കാർ വിരുദ്ധ സമരം നയിച്ച് നാട്ടകം സുരേഷ് ജില്ലയിലെ പ്രവർത്തക വികാരം തനിക്കൊപ്പം ആണെന്ന് തെളിയിച്ചു.

കെ റെയിൽ സമരം സംസ്ഥാനത്ത് ഏറ്റവും ചൂടുപിടിച്ചത് കോട്ടയം ജില്ലയിലാണ്. ആ സമരത്തിന് നേതൃത്വം നൽകി മുന്നിൽ നിന്നത് ഡിസിസി പ്രസിഡൻറ് തന്നെയാണ്. എന്നിരുന്നാലും പ്രതിപക്ഷ നേതാവിൻറെ പരിപാടിയിൽ നിന്നു വിട്ടുനിന്നത് അദ്ദേഹം പാർട്ടിയിൽ വിശദീകരിച്ചേ മതിയാകൂ എന്നതിനാൽ കോട്ടയം ഡിസിസി പ്രസിഡണ്ടിനോട് വിശദീകരണം ചോദിച്ചു കാര്യങ്ങൾ അവസാനിപ്പിക്കുവാൻ തീരുമാനവുമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ആസന്നമായ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയം സീറ്റ് തിരിച്ചു പിടിക്കുമോ എന്ന് ആശങ്ക കേരളകോൺഗ്രസിൽ ശക്തമാണ്. അതുകൊണ്ടുതന്നെ ഏതുവിധേനയും ജില്ലയിൽ കോൺഗ്രസിനെ തളർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായിട്ടാണ് കേരള കോൺഗ്രസ് നീങ്ങുന്നത്. സ്ഥാനമേറ്റ ഉടൻ തന്നെ പാലായിൽ ജോസ് കെ മാണിക്കെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുകയും അവയിലെ ജനപങ്കാളിത്തം കൊണ്ട് കേരളാ കോൺഗ്രസിനെ അമ്പരപ്പിക്കുകയും ചെയ്ത നാട്ടകം സുരേഷ് എന്ന ഡിസിസി പ്രസിഡൻറ് ദുർബലൻ ആയാലേ തങ്ങളുടെ പാർലമെൻറ് സീറ്റ് നിലനിർത്താൻ കഴിയൂ എന്ന തിരിച്ചറിവ് കേരള കോൺഗ്രസ് വൃത്തങ്ങളിൽ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

പ്രതിപക്ഷനേതാവ് പങ്കെടുത്ത പരിപാടിയുടെ ബഹിഷ്കരണവും ആയി ബന്ധപ്പെട്ട് പൊടിപ്പും തൊങ്ങലും വെച്ച വാർത്തകളാണ് അതുകൊണ്ടുതന്നെ ഈ കേന്ദ്രങ്ങളിൽനിന്ന് പ്രചരിപ്പിക്കപ്പെടുന്നത്. വിഷയം സജീവ ചർച്ചയാക്കി നിലനിർത്തുവാനും, നാട്ടകം സുരേഷിനെ അപകീർത്തിപ്പെടുത്തുവാനും, പാർട്ടിയിൽ ദുർബലൻ ആകുമെന്നും ഒരുപക്ഷെ സ്ഥാനഭ്രംശം പോലും സംഭവിക്കുമെന്നും ഉള്ള അഭ്യൂഹങ്ങൾ പരത്തുവാനും ഉള്ള വെഗ്രത വാർത്തകളിൽ വ്യക്തവുമാണ്. പ്രതിപക്ഷ നേതാവിനെതിരെ ചങ്ങനാശേരിയിൽ നടന്ന ഐഎൻടിയുസി പ്രതിഷേധ പ്രകടനം പോലും തമസ്കരിച്ച ആണ് ഡിസിസി പ്രസിഡണ്ടിനെ മാത്രം ലക്ഷ്യമാക്കി വാർത്തകൾ വരുന്നത്.

കോൺഗ്രസിലെ ഒരു ഉപജാപ സംഘവും ഇക്കാര്യത്തിൽ വലിയ പിന്തുണ നൽകുന്നുണ്ടെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. സിപിഎം പ്രമുഖൻ നിർദേശിച്ചത് പോലെയാണ് കോട്ടയം ഡിസിസി പ്രസിഡൻറ് പ്രവർത്തിക്കുന്നത് എന്ന ആരോപണം വരെയാണ് വാർത്തകളിൽ നിറയുന്നത്. സിപിഎം ജില്ലാ സമ്മേളന കൊടിതോരണങ്ങൾ നശിപ്പിച്ച കേസിൽ പോലും പ്രതിയായ ഡിസിസി അധ്യക്ഷൻ സിപിഎം നേതാവു നൽകുന്ന നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നത് തന്നെ വിഡ്ഢിത്തമാണ്. എന്നാൽ ചില ജാതി മത സമവാക്യങ്ങളുടെ അന്തർധാര ഉണ്ട് എന്ന് വരുത്തി തീർക്കുവാൻ വേണ്ടിയാണ് ഈ പ്രചരണം നടത്തുന്നത്.

ഡിസിസി പ്രസിഡൻറ് എന്ന നിലയിൽ മുൻപെങ്ങുമില്ലാത്ത വിധം പോരാട്ടവീര്യം അണികളിൽ സന്നിവേശിപ്പിക്കാൻ നിലവിലെ പ്രസിഡണ്ടിന് സാധിച്ചിട്ടുണ്ട്. സ്ഥാനമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ പതിനായിരങ്ങളെ അണിനിരത്തി വൈക്കത്ത് നടത്തിയ ജനജാഗരൺ ജാഥ സിപിഎം കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി കോട്ടയത്ത് നടക്കുന്ന സമര പരിപാടികളിൽ പ്രവർത്തകരുടെ വൻ പങ്കാളിത്തമാണ് പുതിയ ഡിസിസി നേതൃത്വത്തിന് ഉറപ്പാക്കാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് സംവിധാനത്തെ ദുർബലപ്പെടുത്താൻ വീണുകിട്ടിയ അവസരം പരമാവധി ഉപയോഗിക്കാൻ തന്നെയാണ് രാഷ്ട്രീയ എതിരാളികളുടെ നീക്കമെന്നും വ്യക്തം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക