കോട്ടയം: മൂലവട്ടം ദിവാൻ കവലയിലെ കോൺഗ്രസിന്റെ വിവാദ സ്തൂപം പൊളിച്ചു മാറ്റി. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് സ്തൂപം പൊളിച്ചു മാറ്റിയത്. ഈ സ്തൂപത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അലങ്കാരപ്പണികളും, കമാനങ്ങളും പൊളിച്ച് നീക്കിയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സത്ൂപം പൊളിച്ചു നീക്കിയത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. മൂലവട്ടം ദിവാൻകവലയിൽ വർഷങ്ങളായി നിൽക്കുന്ന ഇന്ദിരാഗാന്ധി സ്മൃതി മണ്ഡപമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് എത്തി പൊളിച്ചു നീക്കിയത്. ഈ സ്തൂപത്തിൽ സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചുവപ്പ് പെയിന്റ് അടിച്ചിരുന്നു. ഇതേ തുടർന്ന്, ജില്ലാ സമ്മേളനത്തിനായി സി.പി.എം തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപവും, സ്മൃതി മണ്ഡപവും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രാത്രിയിൽ എത്തി തകർക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് സംഘർഷത്തിൽ കലാശിക്കുമെന്നു കണക്കു കൂട്ടിയ പൊലീസ് രണ്ടാഴ്ചയിലേറെയായി സ്ഥലത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു. സി.പി.എം പ്രവർത്തകർ ഇന്ദിരാഗാന്ധി സ്തൂപം തകർക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തത്. ഇതേ തുടർന്നു ചിങ്ങവനം പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ സ്തൂപം പൊളിക്കാൻ നിർദേശം നൽകിയത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ വൻ പൊലീസ് സാന്നിധ്യത്തിൽ ജെ.സി.ബി ഉപയോഗിച്ച് സ്തൂപം പൊളിച്ചു നീക്കി.

സ്ഥലത്ത് കോൺഗ്രസ് സി.പി.എം പ്രവർത്തകർ തമ്പടിച്ച സാഹചര്യത്തിൽ ചിങ്ങവനത്തു നിന്നും എ.ആർ ്ക്യാമ്പിൽ നിന്നും വൻ പൊലീസ് സംഘം തന്നെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവിടെ സംഘർഷ സമാനമായ സാഹചര്യവും ഉടലെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇവിടെ പൊലീസ് സംഘം ക്യാമ്പ് ചെയ്യുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക