കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കടുത്ത ആരോപണവുമായി പി.സി.ജോര്‍ജ്. നയതന്ത്ര ബാഗേജിലൂടെ യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയതിന് നേതൃത്വം കൊടുത്തത് പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്യുലര്‍) ചെയര്‍മാനായ പി.സി.ജോര്‍ജ് ആരോപിച്ചു. എന്‍.ഐ.എ.യിലെ ചില ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ. അന്വേഷിക്കണം. അതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

2016-ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ. സന്ദര്‍ശിച്ചിരുന്നു. അവിടെയെത്തിയശേഷം ബാഗ് കൊണ്ടുപോകാന്‍ മറന്നെന്നുപറഞ്ഞ് ശിവശങ്കര്‍, യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വിളിച്ച്‌ ബാഗ് നയതന്ത്ര പാഴ്സലായി അയച്ച്‌ മുഖ്യമന്ത്രിയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെത്തിച്ച ബാഗേജ് കോണ്‍സുലേറ്റിലെ സെക്രട്ടറിയായ സ്വപ്നാ സുരേഷ് ഏറ്റുവാങ്ങി യു.എ.ഇ.യിലേക്ക് അയച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ബാഗ് പി.ആര്‍.ഒ. സരിത്ത് സ്‌കാന്‍ചെയ്തപ്പോള്‍ അല്പം കുരുമുളകും ഗ്രാമ്ബൂവും ബാക്കി മുഴുവന്‍ വിദേശ കറന്‍സിയുമായിരുന്നു. ഇത് അഹമ്മദ് എന്ന ഡിപ്ലോമാറ്റിന്റെ കൈയിലേല്പിച്ച്‌ യു.എ.ഇ.യില്‍ എത്തിയശേഷം മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യയുടെ പലഭാഗത്തുനിന്നും വിദേശ കറന്‍സി സംഘടിപ്പിച്ച്‌ അറേബ്യന്‍ രാജ്യങ്ങളിലെത്തിക്കുകയും അവിടെനിന്ന് സ്വര്‍ണം കള്ളക്കടത്തായി ഇന്ത്യയിലെത്തിക്കുകയും ചെയ്യുന്നുണ്ട്.

കേരള മുഖ്യമന്ത്രിതന്നെ നേരിട്ട് വിദേശ കറന്‍സി യു.എ.ഇ.യിലെത്തിച്ച്‌ സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുക്കുകയായിരുന്നെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. ശിവശങ്കറും സന്ദീപ് നായരും സരിത്തും സ്വപ്നയും ചേര്‍ന്ന് എട്ടാമത്തെ പ്രാവശ്യം നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയപ്പോഴാണ് പിടിയിലായത്. 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു. ഈ സ്വര്‍ണം പിടിക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പല പ്രാവശ്യം കോണ്‍സുലേറ്റിലേക്കും സ്വപ്നയെയും വിളിച്ചിട്ടുണ്ട്.

തീവ്രവാദ കേസുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെട്ട എന്‍.ഐ.എ. കസ്റ്റംസിനെയും ഇ.ഡി.യെയും സിബിഐ.യെയും അകറ്റിനിര്‍ത്തിക്കൊണ്ട് സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ഉള്‍പ്പെടെ യു.എ.പി.എ. ചുമത്തി തടങ്കലിലാക്കി. കള്ളക്കടത്തിന് നേതൃത്വം കൊടുത്ത ശിവശങ്കറിന്റെ പേരില്‍ കസ്റ്റംസ്, ഇ.ഡി. കേസുകള്‍ മാത്രമെടുത്തു. കള്ളക്കടത്ത് സ്വര്‍ണം ഏഴുപ്രാവശ്യം രഹസ്യമായി സ്വീകരിച്ച സന്ദീപ് നായരെ എന്‍.ഐ.എ. മാപ്പുസാക്ഷിയാക്കുകയും ചെയ്തു. സന്ദീപ് നായര്‍ക്കെതിരേ ക്രിമിനല്‍ കേസുകളും കസ്റ്റംസ് കേസുകളും നിലവിലുള്ളപ്പോഴാണ് മാപ്പുസാക്ഷിയാക്കിയതെന്നും ജോര്‍ജ് ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക