ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാഗേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. നേതാജിയുടെ 125ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഗ്രാനൈറ്റ് ശിലയില്‍ തീര്‍ത്ത പ്രതിമ സ്ഥാപിക്കുന്നതു വരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇവിടെ നിലനിര്‍ത്തും. ​ഗ്രാനൈറ്റ് ശിലയില്‍ തീര്‍ത്ത പ്രതിമയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മോദി പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ വിസമ്മതിച്ച ആളാണ് നേതാജിയെന്ന് മോദി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രചോദനമാകും. ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദര്‍ഭവുമാണ്. നേതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ടുപോകണമെന്നും പ്രതിമ അനാച്ഛാദനം ചെയ്തു മോദി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തു. ഇതു വെറുമൊരു പ്രതിമയല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എല്ലാം നല്‍കിയ നേതാജിക്കുള്ള ഉചിതമായ ആദരവാണിതെന്നും അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞു. ലേസര്‍ വെളിച്ചം പ്രസരിപ്പിച്ച്‌ രൂപപ്പെടുത്തുന്ന നേതാജിയുടെ ഹോളോഗ്രം പ്രതിമയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചത്. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരത്തില്‍ 6 അടി വീതിയുമുണ്ടാകും. റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ക്കും നേതാജിയുടെ ജന്മവാര്‍ഷികദിനത്തില്‍ തുടക്കം കുറിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ വര്‍ഷവും നേതാജിയുടെ ജന്മദിന വാര്‍ഷികം പരാക്രം ദിവസ് ആയാണ് ആചരിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക