കോട്ടയം: അഞ്ചു വർഷങ്ങൾക്കു മുൻപ് കെവിൻകേസിലുണ്ടായ വീഴ്ചയ്ക്ക് പിഞ്ചു കുഞ്ഞിന്റെ ജീവൻകൊണ്ടു പരിഹാരം കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. വർഷങ്ങൾക്കു മുൻപ് നീനു എന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ വരുത്തിയ വീഴ്ച ആവർത്തിക്കാതെ, അതിവേഗം ആക്ഷനുമായി ഗാന്ധിനഗറിലെ പൊലീസ് ഉദ്യോഗസ്ഥൻ പാഞ്ഞപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഒരിക്കൽ കൂടി ഒരമ്മയുടെ കണ്ണുനീർ വീണു.. പക്ഷേ, അത് ആനന്ദക്കണ്ണീരായിരുന്നെന്നു മാത്രം. നഷ്ടപ്പെട്ടെന്ന കരുതിയ തന്റെ പിഞ്ചോമനയെ കയ്യിലെത്തിച്ചു നൽകിയ പൊലീസിന്റെ കരുതൽ, വർഷങ്ങൾക്കു മുൻപുണ്ടായ വീഴ്ചയുടെ കറകഴുകിക്കളയുന്നതായിരുന്നു.

2018 ൽ ദുരഭിമാനത്തിന്റെ പേരിൽ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിലേയ്ക്കു കെവിനെ തള്ളുകയായിരുന്നു. 2018 മെയ് 24 നു രാത്രിയിലാണ് ഗുണ്ടാ സംഘം കെവിനെ തട്ടിക്കൊണ്ടു പോയത്. പിറ്റേന്നു രാവിലെ കെവിന്റെ കാമുകി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിലെത്തി പൊട്ടിക്കരഞ്ഞു. തനിക്ക് കെവിനെ വിട്ടു കിട്ടണമെന്നു പൊലീസ് ഉടനടി ആക്ഷൻ എടുക്കണമെന്നും ആവശ്യപ്പെട്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുണ്ടായിരുന്നതിനാൽ തങ്ങൾക്ക് ഇപ്പോൾ അന്വേഷിക്കാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട്, കെവിന്റെ മൃതദേഹം കണ്ടെത്തുക കൂടി ചെയ്തതോടെ പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനം ഉണ്ടായി. ഗാന്ധിനഗറിലെ എസ്.ഐ ആയിരുന്ന ഷിബു അടക്കം അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലാകുകയും ഒരാളെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഈ പാപക്കറകളെല്ലാം കഴുകിക്കളയുന്ന നടപടിയാണ് ഗാന്ധിനഗറിൽ നിന്നും ഉണ്ടായിരിക്കുന്നത്. കൃത്യ സമയത്ത് ആക്ഷനെടുക്കാൻ പൊലീസ് മടിച്ചതിന്റെ ഫലമാണ് അന്ന് കെവിന്റെ ജീവനെടുത്തത്. എന്നാൽ, ഇന്ന് കൃത്യ സമയത്ത് പൊലീസ് ഇടപെട്ടതാണ് പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്.

ഇടുക്കി സ്വദേശിയായ അശ്വതിയുടെ കുട്ടിയെ വീണ്ടെടുത്തു നൽകാൻ ഇടയാക്കിയ സംഭവത്തിൽ പൊലീസ് നടത്തിയത് എല്ലാ വീഴ്ചയും പരിഹരിച്ചുകൊണ്ടുള്ള ഇടപെടൽ തന്നെയായിരുന്നു. ഇത് സംസ്ഥാന പൊലീസിനു തന്നെ അഭിമാനം ആകുകയും ചെയ്തു. ഈ ആഘോഷം പങ്കു വച്ചാണ് ഗാന്ധിനഗർ പൊലീസ് ഇന്ന് സ്‌റ്റേഷനിൽ കേക്ക് മുറിച്ചത്. ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി കേക്ക് മുറിച്ചു. എസ്.ഐ ടി.എസ് റെനീഷും, സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കേക്ക് മുറിച്ചുള്ള ആഘോഷത്തിൽ പങ്കാളികളായി. പൊലീസ് അസോസിയേഷൻ നേതാക്കളും സ്‌റ്റേഷനിൽ എത്തി ഉദ്യോഗസ്ഥർക്ക് കേക്ക് നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക