തിരുവനന്തപുരം : കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരും ജീവനക്കാരും സ്വന്തം ചെലവില്‍ ആഴ്‌ചതോറും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി ഫലം സമര്‍പ്പിക്കണമെന്നു സര്‍ക്കാര്‍. ഓഫീസുകളിലും പൊതുജനസമ്ബര്‍ക്കമുള്ള മറ്റിടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ഇതു ബാധകമാണ്‌. വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകാതെ, കോവിഡ്‌ ബാധിതരാകുന്നവരുടെ ചികിത്സാച്ചെലവ്‌ സര്‍ക്കാര്‍ വഹിക്കില്ല. ഇന്നലെച്ചേര്‍ന്ന കോവിഡ്‌ അവലോകനയോഗത്തിലാണു തീരുമാനം.

രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ ശാരീരികപ്രശ്‌നങ്ങളുള്ളവര്‍ സര്‍ക്കാര്‍ ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച്‌ ഹാജരാവുകയോ ആഴ്‌ചതോറും സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയോ ചെയ്യണമെന്ന കര്‍ശനനിര്‍ദേശമാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്‌.
ഒമിക്രോണ്‍ കോവിഡ്‌ വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്‌തിപ്പെടുത്തും. വിദേശത്തുനിന്ന്‌ എത്തുന്നവരുടെ യാത്രാപശ്‌ചാത്തലം കര്‍ശനമായി പരിശോധിക്കും. കോവിഡ്‌ പ്രതിരോധനടപടികളുമായി സഹകരിക്കാത്തവര്‍ക്കു സൗജന്യചികിത്സ നല്‍കാനാവില്ലെന്നു മുഖ്യമന്ത്രി യോഗത്തില്‍ വ്യക്‌തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാം ഡോസ്‌ വാക്‌സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ ഗൗരവമായി ഇടപെടണം. ഇന്നു മുതല്‍ 15 വരെ ആരോഗ്യവകുപ്പ്‌ പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം സംഘടിപ്പിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്‌കൂളുകളിലെത്താന്‍ അനുമതി നല്‍കും.
സ്‌കൂള്‍ പ്രവൃത്തിസമയത്തില്‍ തത്‌കാലം മാറ്റമില്ല. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

ഇടപെട്ട്‌ അധ്യാപക സംഘടനകളും

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരെ സംഘടനകളും കൈവിടുന്നു. ഇത്തരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ കൈക്കൊള്ളുന്ന എന്തു നടപടിയേയും പിന്തുണയ്‌ക്കുമെന്നു കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ (കെ.എസ്‌.ടി.എ) ജനറല്‍ സെക്രട്ടറി എന്‍.ഡി. ശിവരാജന്‍ വ്യക്‌തമാക്കി. സ്‌കൂള്‍ തുറന്ന്‌ ഇത്രകാലമായിട്ടും വാക്‌സിന്‍ സ്വീകരിക്കാതെ ഒരുവിഭാഗം മാറിനില്‍ക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണമെന്നു കേരളപ്രദേശ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ (കെ.പി.എസ്‌.ടി.എ) ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരക്കാര്‍ എല്ലാ മേഖലയിലുമുണ്ടെന്നു ജനറല്‍ സെക്രട്ടറി സി. പ്രദീപ്‌ ചൂണ്ടിക്കാട്ടി. വാക്‌സിന്‍ സ്വീകരിക്കാത്തവരെ ബോധവത്‌കരിക്കുമെന്നു മുസ്ലിം ലീഗ്‌ അധ്യാപകസംഘടനയായ കെ.എസ്‌.ടി.യു. അറിയിച്ചു.

വാക്‌സിനെടുക്കാത്തവര്‍ പഠിപ്പിക്കേണ്ടെന്നു മന്ത്രി

തലശ്ശേരി: കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍നിന്നു മാറിനില്‍ക്കണമെന്നും അവര്‍ക്കു യാതൊരു പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. ചുണ്ടങ്ങാ പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരുകൂട്ടം അധ്യാപകരുടെ സ്വാര്‍ഥചിന്തയുടെ പേരില്‍ കുട്ടികളുടെ ആരോഗ്യംവച്ചുള്ള കളികള്‍ക്കു കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിനു കഴിയില്ല. അതിനാല്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക