സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന യോഗം ഈ ഘട്ടത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്നു തീരുമാനിച്ചു.

എന്നാൽ ടി.പി.ആർ നിരക്ക് 24ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങൾ തുറക്കുന്നത് ഉൾപ്പെടെ കൂടുതൽ ഇളവുകൾ ഇന്നത്തെ യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനു വേഗം പോരെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടർന്നാൽ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് യോഗം വിലയിരുത്തിയത്.

നിലവിൽ 30 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ഈയാഴ്ച ഇത് 24 ശതമാനത്തിനു മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾക്കു കൂടി ബാധകമാക്കാൻ തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതനുസരിച്ച് കൂടുതൽ മേഖലകൾ കടുത്ത നിയന്ത്രണത്തിനു കീഴിൽ വരും.

ടിപിആർ എട്ടു ശതമാനം വരെ എ വിഭാഗവും എട്ടു മുതൽ 16 വരെ ബി വിഭാഗവും 16 മുതൽ 24 വരെ സി വിഭാഗവും ആയി ആയിരിക്കും ഈയാഴ്ച നിയന്ത്രണങ്ങൾ. ഈയാഴ്ച ഏതൊക്കെ പ്രദേശങ്ങളിൽ എങ്ങനെയായിരിക്കും നിയന്ത്രണങ്ങളെന്ന പട്ടിക ഇന്നു പുറത്തുവിടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക