ബസുടമകള്‍ സമരത്തിന്‌ ഉറച്ചുതന്നെ ആലപ്പുഴ: സമരം ഒത്തുതീര്‍പ്പാക്കാനോ സ്വകാര്യ ബസുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സര്‍ക്കാര്‍ ഇതുവരെ തയാറാകാത്ത സാഹചര്യത്തില്‍ നാളെ മുതല്‍ സംസ്‌ഥാന വ്യാപകമായി ബസ്‌ സര്‍വീസ്‌ നിര്‍ത്താനുള്ള തീരുമാനം ജില്ലയില്‍ പൂര്‍ണമായി നടപ്പാക്കാനുറച്ച്‌ സ്വകാര്യ ബസ്‌ ഉടമകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്‌ വരെ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടില്ലാത്തിനാല്‍ നാളെമുതല്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങില്ല. സര്‍ക്കാര്‍ സഹായമില്ലാതെ സര്‍വീസ്‌ തുടരാന്‍ കഴിയില്ലെന്ന സ്‌ഥിതി വന്നതോടെയാണ്‌ ഉടമകള്‍ നിലപാട്‌ കടുപ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ സൃഷ്‌ടിച്ച പ്രതിസന്ധിയും ഇന്ധനവില വര്‍ധനയും ബസ്‌ വ്യവസായത്തെ തകര്‍ത്തിരിക്കുകയാണെന്ന്‌ ഉടമകള്‍ പറയുന്നു. നിലവില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ്‌ ജില്ലയില്‍ സര്‍വീസ്‌ നടത്തുന്നത്‌. യാത്രക്കാര്‍ കുറഞ്ഞതോടെ വരുമാന നഷ്‌ടം രൂക്ഷമാണെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടി. കോവിഡ്‌ തുടങ്ങി 20 മാസം കഴിഞ്ഞിട്ടും കാര്യമായ ഒരു സഹായവും ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്‌. യാത്രാനിരക്ക്‌ പുതുക്കി നിശ്‌ചയിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഡീസലിന്‌ 62 രൂപ വിലയുണ്ടായിരുന്ന 2018ല്‍ നിശ്‌ചയിച്ച മിനിമം ചാര്‍ജായ എട്ട്‌ രൂപയാണ്‌ ഇപ്പോഴും തുടരുന്നത്‌. ഡീസലിന്‌ 103 രൂപയായി വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ്‌ 12 രൂപയാക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. കിലോമീറ്റര്‍ നിരക്ക്‌ ഒരു രൂപയായി വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ്‌ ആറ്‌ രൂപയാക്കുകയും തുടര്‍ന്നുളള ചാര്‍ജ്‌ യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണമെന്നും ഉടമകള്‍ പറയുന്നു. കോവിഡ്‌ ഒഴിയുംവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉടമകള്‍ ഉന്നയിക്കുന്നുണ്ട്‌. ഇന്ധനവില മാത്രമല്ല, സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയും കുത്തനെ ഉയര്‍ന്നു. പഞ്ചര്‍ അടയ്‌ക്കുന്നതുള്‍പ്പെടെ അറ്റകുറ്റപ്പണിക്കും ചെലവേറി. വില വര്‍ധനയ്‌ക്ക്‌ യാതൊരു നിയന്ത്രണവുമില്ലെന്നാണ്‌ ബസുടമകളുടെ ആരോപണം. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ്‌ ഒരു ബസ്‌ നിരത്തിലിറക്കുന്നത്‌. ഇത്തരത്തില്‍ നിരവധി ബസുകളാണ്‌ മാസങ്ങളായി ഓട്ടംനിലച്ച്‌ കിടക്കുന്നത്‌. ബാങ്ക്‌ അടവും തെറ്റി. നിരത്തിലിറക്കണമെങ്കില്‍ ബസ്‌ ഒന്നിന്‌ രണ്ട്‌ ലക്ഷത്തോളം രൂപയുടെ അറ്റകുറ്റപ്പണി വേണ്ടി വരും. കേരള ബാങ്ക്‌ വഴി ലോണ്‍ നല്‍കാമെന്ന തീരുമാനവും നടപ്പായില്ല. ജീവനക്കാരെ കുറച്ചിട്ടും മുന്നോട്ട്‌ പോകാന്‍ കഴിയാത്ത അവസ്‌ഥയാണ്‌.

നേരത്തെ നാല്‌ ജീവനക്കാരാണ്‌ ബസില്‍ ഉണ്ടായിരുന്നത്‌. ഇന്നത്‌ രണ്ടായി കുറഞ്ഞു. എന്നിട്ടും 500 രൂപ കൂലി നല്‍കാന്‍ കളക്‌ഷന്‍ കിട്ടാത്ത അവസ്‌ഥയാണ്‌. സ്വകാര്യ ബസ്‌ മേഖലയിലെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിരശ്രദ്ധയുണ്ടാകണമെന്നും നിഷേധാത്മകമായ സമീപനമാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും കെ.ബി.ടി.എ. ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ പി.ജെ. കുര്യന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക