തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നടത്തിയ നേതൃമാറ്റങ്ങളുണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സജീവ നീക്കവുമായി രാഹുല്‍ ഗാന്ധി. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണിലൂടെയും നേരിട്ടും സംസാരിച്ച രാഹുല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ഡല്‍ഹിക്ക് വിളിപ്പിച്ചു. സംസ്ഥാന നേതാക്കള്‍ക്കിടയിലുള്ള അതൃപ്തി പരിഹരിക്കുക തന്നെയാണ് ഇരുവരുടെയും ഡല്‍ഹി യാത്രയുടെ പ്രധാന ലക്ഷ്യമെന്നാണ് സൂചനകള്‍.

വിഡി സതീശന്‍ തിങ്കളാഴ്ച്ചയാണ് ഡല്‍ഹിക്ക് തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി 23 ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷമാകും പോവുക. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്താന്‍ രാഹുല്‍ നിര്‍ദേശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റെടുത്ത സാഹചര്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ശക്തമായ ഒരു തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന് അസംതൃപ്തരായ നേതാക്കളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് രീതിക്കെതിരെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമടക്കമുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനിന്ന ഹൈക്കമാന്‍ഡ് കെപിസിസി നേതൃത്വത്തിന്റെ കാര്യത്തിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോവുകയായിരുന്നു.

നേതൃത്വത്തില്‍ അഴിച്ചുപണി പൂര്‍ത്തിയായതോടെ ഇനി ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് ഏകോപനമാണ്. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയമാണ് ഇതിന് പ്രധാന വെല്ലുവിളി. അത് പരിഹരിക്കാന്‍ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും മാത്രമേ സാധിക്കൂ. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സമവാക്യങ്ങള്‍ രൂപപ്പെടുത്തിയ ഇരു ഗ്രൂപ്പുകള്‍ക്കും ബദലായി മറ്റൊരു വിഭാഗവും ഉയര്‍ന്നുവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.ഇതിനെല്ലാം ഇടയിലാണ് രാഹുല്‍ തന്നെ മുന്‍കൈയെടുത്ത് ഇപ്പോള്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിലെ നേതൃമാറ്റം കോണ്‍ഗ്രസ് ഹൈക്കമാന്‍‍ഡ് ഏകപക്ഷീയമായി നടപ്പാക്കിയതിലുള്ള പരിഭവം രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല നേരിട്ടറിയിച്ചു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ, രമേശ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് വരുമെന്ന അഭ്യൂഹം ശക്തമായി. ഇത് സംബന്ധിച്ച്‌ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ഹൈക്കമാന്‍ഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക