മുംബൈ:ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ട് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി).ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കൂടാതെ 7 പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആര്യനൊപ്പം പിടിയിലായവരില്‍ ഒരു നടനുമുണ്ട്. അര്‍ബാസ് സേത്ത് മര്‍ച്ചന്റ് ആണിത്. മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവര്‍. ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച ചില സൂചനകള്‍ അനുസരിച്ച്‌ ലഹരി പാര്‍ട്ടിയിലെ ബോളിവുഡ് ബന്ധം സംശയിച്ചിരുന്നുവെന്ന് എന്‍സിബി മേധാവി എസ് എന്‍ പ്രധാന്‍ എഎന്‍ഐയോട് പറഞ്ഞു. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നിര്‍ണ്ണായക നടപടി.മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടന്നത്. എന്‍സിബി നടത്തിയ മിന്നല്‍ പരിശോധനയില്‍ കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്ബാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.അതേ സമയം, ലഹരിപ്പാര്‍ട്ടി നടത്തിയ ആഡംബരക്കപ്പലായ കോര്‍ഡെലിയ ക്രൂയിസില്‍ പദ്ധതിയിട്ടിരുന്നത് വമ്ബന്‍ പരിപാടികളെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലില്‍ പാര്‍ട്ടി നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയില്‍ നിന്നും യാത്രതിരിച്ച കപ്പല്‍ കടലില്‍ ചെലവഴിച്ച ശേഷം ഓക്ടോബര്‍ 4ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് നിശ്ചയിച്ചിരുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ സഹകരണത്തിലാണ് ഫാഷന്‍ ടിവി പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഡിജെ കോഹ്‌റ, മൊറോക്കന്‍ ഡിജെ കൈസ, ഐവറി കോസ്റ്റില്‍ നിന്നുള്ള ഡിജെ റൗള്‍ എന്നിവരുടെ സംഗീത പരിപാടിയും ഇതിനൊപ്പം പദ്ധതിയിട്ടിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികള്‍ ഉള്‍പ്പെടെ 13 പേരെയാണ് എന്‍.സി.ബി. കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. ചോദ്യംചെയ്തുവരികയാണ്. പിടിയിലായ മൂന്ന് യുവതികളും ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ഇവര്‍ പ്രമുഖ വ്യവസായിയുടെ മക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക