കോട്ടയം : പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് വൻ കവർച്ച നടത്തിയ കേസിൽ നേപ്പാൾ സ്വദേശികളായ രണ്ടു പ്രതികൾക്ക് 16 വർഷം കഠിന തടവ്. കേസിലെ പ്രതികളായ നേപ്പാൾ മൈന്താനഗർ സ്വദേശിയായ ബീർസിംഗ് മകൻ ബാബു എന്ന് വിളിക്കുന്ന രാംസിംഗ് (33 ), നേപ്പാൾ ആംഞ്ചാംജില്ലയിലെ ദീലീപ് സിംഗ് മകൻ കിഷൻ ബഹാദൂർ (29) എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി – രണ്ട് (സ്‌പെഷ്യൽ) ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്.

2018 മാർച്ച് 17 ന് രാത്രി രാത്രി 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി മറ്റത്തിൽപറമ്പിൽ ഫ്യുവൽസ് ജീവനക്കാരനായ വട്ടമലപ്പടി തോപ്പിൽ വീട്ടിൽ പി.എം.മാത്യു മകൻ അനീഷി(36) നെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി ഒന്നര ലക്ഷം രൂപ കവർന്ന കേസിലാണ് കോടതി വിധി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാംസിംഗ്, കിഷൻ ബഹാദൂർ എന്നീ പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമം 450 വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിനതടവിനും 25,000/- രൂപ പിഴയടയ്ക്കാനും പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവിനും ശിക്ഷിച്ചു. രണ്ടു പ്രതികൾക്കും ഇന്ത്യൻ ശിക്ഷാ നിയം 461 വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവിനും 10,000/- രൂപ പിഴയടയ്ക്കാനും പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധികതടവും അനുഭവിക്കാനും വിധിച്ചിട്ടുണ്ട്. രാംസിഗിനെ ഇന്ത്യൻ ശിക്ഷാനിയമം 397, 395 വകുപ്പ് പ്രകാരം 10 വർഷം കഠിനതടവിനും 50,000/- രൂപ പിഴയടയ്ക്കാനും പിഴയടച്ചില്ലെങ്കിൽ ആറു മാസം അധികതടവും, കിഷൻ ബഹദൂറിന് ഇന്ത്യൻ ശിക്ഷാ നിയമം 397 വകുപ്പ് പ്രകാരം ആറു വർഷം കഠിനതടവിനും 25,000/- രൂപ പിഴയടയ്ക്കാനും പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവിനുമാണ് ശിക്ഷിച്ചത്. പിഴസംഖ്യ പ്രതികൾ കെട്ടിവെയ്ക്കുകയാണെങ്കിൽ നഷ്ടപരിഹാരമായി ഒന്നാം സാക്ഷി അനീഷിന് നൽകാനും കോടതി വിധിച്ചു.

ജീവനക്കാരനായ അനീഷ് പമ്പിന്റെ രാത്രി കാവലിനായി എത്തിയ സമയത്താണ് ആ്ക്രമണം നടന്നത്. പമ്പിലെ ഓഫീസിന്റെ ഗ്രില്ലുകളും വാതിലും തകർന്നുകിടക്കുന്നതായി കണ്ട് അകത്തുകയറിയപ്പോഴാണ് രാംസിംഗും നേപ്പാൾ സ്വദേശികളായ മറ്റ് രണ്ടുപേരും മുഖംമൂടിയിട്ട് അനീഷിനെ ആക്രമിച്ചത്. കമ്പിവടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയും ഓഫീസിനുള്ളിലെ ഒരു മുറിയിൽ കെട്ടിയിടുകയും ചെയ്തതിനുശേഷമാണ് കവർച്ച നടത്തിയത്. പ്രതികൾ കൃത്യത്തിനുശേഷം നാലാം പ്രതിയായ കിഷൻ ബഹാദൂറിനെ വിളിച്ചു വരുത്തി. ഇയാൾ വിളിച്ചുകൊണ്ടുവന്ന ഓട്ടോറിക്ഷയിൽ കോട്ടയം ടൗണിൽ എത്തിയ ശേഷം പ്രതികൾ രക്ഷപെടുകയായിരുന്നു.

മാരകമായ പരിക്കേറ്റ അനീഷ് കെട്ടഴിച്ച് പുറത്തേയ്ക്കുവന്ന് അതുവഴി പോയ വാഹനത്തെ കൈകാണിച്ച് നിർത്തിച്ച് ആശുപത്രിയിൽ പോകുകയായിരുന്നു. ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും അനീഷിനെ ചികിത്സിച്ചിരുന്നു. പമ്പിലെ കാന്റീൻ ജീവനക്കാരാനായിരുന്ന നേപ്പാൾ സ്വദേശിയായ സത്യരാജ് ബൊഹ്‌റ സംഭവിത്തിന് രണ്ടുദിവസം മുമ്പ് ജോലി നിർത്തി പോയിരുന്നു. ഇയാൾ നൽകിയ വിവരത്തിനനുസരിച്ച് പ്രതികളും സത്യരാജ് ബോഹ്‌റയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. പമ്പിലെ മറ്റൊരു ജീവനക്കാരനായ അസം സ്വദേശി സാഗ്മയേയും പ്രതികൾ ആക്രമിച്ച ശേഷം മുറിയിൽ കെട്ടിയിട്ടിരുന്നു. കൃത്യത്തിനുശേഷം ബാംഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ട രാംസിഗിനേയും കിഷൻ ബഹാദൂറിനേയും ബാംഗ്ലൂരിനടുത്തുള്ള ഗോട്ടിഗേരെ എന്ന സ്ഥലത്തുവെച്ച് പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

പാമ്പാടി പൊലീസ് സബ് ഇൻസ്‌പെക്ടറായ ടി.ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും 18,000/- രൂപയും നേപ്പാൾ കറൻസിയും നിരവധി സിം കാർഡുകളും ഫോണുകളും റബ്ബർ ഗ്ലൗസുകളും പഞ്ഞിക്കെട്ടുകളും പൊലീസ് കണ്ടെടുത്തിരുന്നു. മറ്റ് പ്രതികൾ നേപ്പാളിലേയ്ക്ക് കടന്നുകളഞ്ഞതിനാൽ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ആയിരുന്ന ഇമ്മാനുവൽ പോളിന്റെ നേതൃത്തിലുള്ള സംഘത്തിൽ പാമ്പാടി സി.ഐ ആയിരുന്ന യു.ശ്രീജിത്ത് എസ്.ഐ മാരായ ടി.ശ്രീജിത്ത്, റെനീഷ്.ടി.എസ്, കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എസ്.ഐ പി.വി വർഗീസ്, ഗ്രേഡ് എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, എ.എസ്.ഐ എം.എ ബിനോയ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.എസ് അഭിലാഷ്, റിച്ചാർഡ് സേവ്യർ, ഫെമൻഡസ്, ശ്യാം എസ്.നായർ, മനോജ്കുമാർ, സരവൺ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സാഹസികമായി പിടികൂടിയത്. സംഭവത്തിനുശേഷം ഓട്ടോറിക്ഷയിൽ രക്ഷപെട്ട പ്രതികളെ കഞ്ഞിക്കുഴിയിൽ വാഹന പരിശോധന നടത്തിയിരുന്ന പോലീസ് പട്രോളിംഗ് പാർട്ടിയിലെ എ.എസ്.ഐ രാജേഷ്.ടി.ആർ, സി.പി.ഒ ഷെമീം.ഇ.എ എന്നിവർ കൈകാണിച്ച് നിർത്തിയിരുന്നു. അപ്പോൾ പൊലീസ് പാർട്ടിയെടുത്ത പ്രതികളുടെ ഫോട്ടോയും പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളും പരുക്കേറ്റ അനീഷിന്റെയും പ്രതികൾ രക്ഷപെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയും കൃത്യസ്ഥലത്തുനിന്നും കണ്ടെടുത്തതും പ്രതി രാംസിംഗ് കൃത്യത്തിനുപയോഗിച്ചിരു ന്നതുമായ സ്‌ക്രൂഡ്രൈവറിൽ നിന്നും കിട്ടിയ ഫിംഗർ പ്രിന്റും നിർണായക തെളിവുകളായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരായുള്ള അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത് പാമ്പാടി എസ്.ഐ ആയിരുന്ന ടി. ശ്രീജിത്ത് ആയിരുന്നു. പ്രോസിക്യൂഷൻ തെളിവിലേയ്ക്കായി 24 സാക്ഷികളെ വിസ്തരിക്കുകയും 31 പ്രമാണങ്ങളും 14 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷ് ഹാജരായി. അറസ്റ്റിലായ പ്രതികൾ വിചാരണതടവുകാരായാണ് വിചാരണയെ നേരിട്ടത്. മൂന്നു വർഷത്തിനിടെ ഇതുവരെയും ഇവർക്ക് ജാമ്യം ലഭിച്ചിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക