ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിങ് ജന്മവാര്‍ഷിക ദിനത്തില്‍ അനുയായികളുമായി ഇരുവരും പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കനയ്യയും ജിഗ്നേഷും കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇരുവരും എത്തുന്നതോടെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റാക്കുമെന്നാണ് സൂചന. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകളെ നേരത്തേ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ തള്ളിയിരുന്നു. ബിഹാറിലെ സിപിഐ നേതൃത്വവുമായി കനയ്യ അത്ര സ്വരച്ചേർച്ചയിലല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഐ സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കനയ്യയുടെ അനുയായികൾ കയ്യേറ്റം ചെയ്തതിന്റെ പേരിൽ, ഹൈദരാബാദിൽ ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗം കനയ്യയെ പരസ്യമായി ശാസിച്ചിരുന്നു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുമായും കനയ്യ അകൽച്ചയിലാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനായ കനയ്യയെ പാർട്ടിയിലെത്തിച്ചാൽ നേട്ടമാകുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക