മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ചരിത്രത്തെ വളച്ചൊടിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും, സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് കുഞ്ഞാലിമരക്കാറിന്റെ കുടുംബാംഗങ്ങളായിരുന്നു പരാതി നല്‍കിയത്.ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്. നിയമം അനുസരിച്ച് നാലാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ സംസ്ഥാനം ഇതുവരെ തീരുമാനമെടുത്തില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.രമേശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം പരാതി ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കോടതിയില്‍ അറിയിച്ചു. വിഷയത്തില്‍ ഇടപെടാനാകില്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഹര്‍ജിക്കാരനെ അറിയിച്ചു.കുഞ്ഞാലിമരക്കാറിന്റെ ജീവിതവും ചരിത്രവും കെട്ടിച്ചമച്ചതും വികലമായുമായാണ് സിനിമയില്‍ ചിത്രീകരിക്കുന്നതെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് സിനിമയെന്ന് ടീസറിലൂടെ വ്യക്തമായതായും, സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം ജനിപ്പിക്കാനും ഇത് കാരണമാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വിദഗ്ധ സമിതി ചിത്രം കണ്ട് വിലയിരുത്തണമെന്നും അതിന് ശേഷം മാത്രമേ പ്രദര്‍ശനാനുമതി അനുവദിക്കാവൂ എന്നും ആവശ്യമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക