പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ മറുപടി സമര്‍പ്പിച്ചിട്ടില്ല.അധിക സത്യവാങ്മൂലം സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും.ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും, വിദഗ്ധ സമിതി രൂപീകരിക്കാമെന്നുമാണ് കേന്ദ്രം നേരത്തെ നിലപാട് വ്യക്തമാക്കിയത്. എല്ലാ വസ്തുതകളും സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്നും അറിയിച്ചിരുന്നു.രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കോടതി പുറത്തുവിടാന്‍ പോകുന്നില്ലെന്നും, ഉന്നത വ്യക്തികളുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ അധികൃതര്‍ക്ക് മറുപടി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നുമാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക