തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ തെഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കാന്‍ കെഎസ്‌ആര്‍ടിസി എം.ഡി.ബിജു പ്രഭാകരിന്റെ ശുപാര്‍ശ. മുന്‍പത്തേക്കാളും കുറവ് ബസുകള്‍ സര്‍വ്വീസ് നടത്തുന്ന സാഹചര്യത്തില്‍ നിലവിലെ ജീവനക്കാരുടെ എണ്ണം വളരെ അധികമാണെന്നതാണ് കാരണമായി പറയുന്നത്. അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് എംഡിയുടെ ശുപാര്‍ശ. തൊഴിലാളി സംഘടനകള്‍ ശുപാര്‍ശ എതിര്‍ത്തു.കോവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. 4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. എല്ലാ മാസവും സര്‍ക്കാര്‍ പണം നല്‍കിയാണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നത് . ആ പ്രതിസന്ധി മറികടക്കാനാണ് ജീവനക്കാര്‍ക്ക് ലേ ഓഫ് എന്ന നിര്‍ദ്ദേശം കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് മുന്നോട്ട് വച്ചത്.4000 ത്തോളം പേര്‍ക്ക് ലേ ഓഫ് നല്‍കേണ്ടി വരുമെന്ന് കെഎസ്‌ആര്‍ടിസി എംഡിയുടെ ശുപാര്‍ശ. അല്ലെങ്കില്‍ 50% ശമ്ബളം നല്‍കി ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ​ദൈര്‍ഘ്യമുള്ള ദീര്‍ഘകാല ലീവ് നല്‍കാമെന്നും ശുപാര്‍ശയുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ആ രീതിയാണ് ചെയ്തത്. രണ്ട് ശുപാര്‍ശകളും കെഎസ്‌ആര്‍ടിസി അംഗീകൃത തൊഴിലാളി സംഘടനകള്‍ എതിര്‍ത്തു.നയപരമായ വിഷയമായതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് ശുപാര്‍ശ അയക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്‌ മുന്നോട്ട് പോകുമെന്നും ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്നും ബിജു പ്രഭാകര്‍ യോ​ഗത്തെ അറിയിച്ചു.കെഎസ്‌ആര്‍ടിസി നിലവില്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സാമ്ബത്തിക അച്ചടക്കം അനിവാര്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിനായി മുഴുവന്‍ ജീവനക്കാരുടേയും യൂണിയന്‍ പ്രതിനിധികളുടേയും സഹകരണം മാനേജ്മെന്റ് അഭ്യര്‍ത്ഥിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകള്‍ അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇതില്‍ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കെഎസ്‌ആര്‍ടിസിയിലെ അം​ഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സിഎംഡി അറിയിച്ചു.വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കും. ഇതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കും. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കണമെന്നും സി.എം.ഡി. അറിയിച്ചു. ശമ്ബളം നല്‍കാന്‍ ഉല്‍പ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ഓരോ മാസവും അഭ്യര്‍ത്ഥിക്കുന്നതെന്നും തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ സിഎംഡി അറിയിച്ചു.ബെവ്‌കോ ഔട്ട്ലൈറ്റുകള്‍ കെഎസ്‌ആര്‍ടിസിയുടെ ഒരു ഡിപ്പോയിലും തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സി.എം.ഡി. യോ​ഗത്തെ അറിയിച്ചു. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ മുഴുവനും വര്‍ക്ക്ഷോപ്പോ, ഡിപ്പോയ്ക്ക് പുറത്തുള്ളവയോ, അല്ലെങ്കില്‍ കെഎസ്‌ആര്‍ടിസിക്ക് വിവിധ സ്ഥലങ്ങളില്‍ റോഡിന്റെ വശത്തുള്ള സ്ഥലങ്ങളില്‍ ആണെന്നും അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന വാടക ലഭിക്കുന്ന പക്ഷം ഈ സ്ഥലങ്ങള്‍ ബെവ്‌കോയ്ക്ക് വാടകയ്ക്ക് നല്‍കാം, ഇതു സംബന്ധിച്ചു ജീവനക്കാര്‍ക്ക് യാതൊരു ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സി.എം.ഡി. അറിയിച്ചു.നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും പുതിയതായി സര്‍വ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാല്‍ ഉച്ച സമയത്ത് യാത്രക്കാര്‍ പോലും ഇല്ലാതെയാണ് പല സര്‍വ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സര്‍വ്വീസുകള്‍ ഒഴിവാക്കിയാലെ ഇനി പിടിച്ച്‌ നില്‍ക്കാനാകൂ.ജൂണ്‍ മാസത്തില്‍ വരുമാനം 21.26 കോടിയും, ഡീസലിനായി നല്‍കിയത് 17.39 കോടിയുമാണ്. ജൂലൈയില്‍ വരുമാനം 51.04 കോടി, ഡീസല്‍ ചിലവ് 43.70 കോടി, ആ​ഗസ്റ്റില്‍ വരുമാനം 75.71 കോടി, ഡീസല്‍ ചിലവ് 53.33 കോടി രൂപ എന്നിങ്ങനെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക