കോട്ടയം: പലനിറങ്ങളില്‍ നിരത്തുകള്‍ കയ്യടക്കി ഓടിയിരുന്ന സ്വകാര്യബസുകള്‍ ഇനി ആനവണ്ടികളായി കേരളത്തില്‍ വിലസിയേക്കാം. സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി ദിവസ വാടകയ്ക്കെടുക്കാന്‍ ആലോചന. ടിക്കറ്റ് ചാര്‍ജും ഡെയിലി കലക്ഷനും കെ.എസ്.ആര്‍.ടി.സി എടുത്ത ശേഷം ബസ് വാടക ഉടമകള്‍ക്ക് നല്‍കുന്ന രീതിയിലേക്കാണ് ആലോചനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നു.

കൊവിഡ് കാലാവസ്ഥയില്‍ കേരളത്തിലെ സ്വകാര്യ ബസ് വ്യവസായത്തെ നില നിര്‍ത്താന്‍ എന്തുചെയ്യാനാവും എന്നഘട്ടത്തിലാണ് ഗതാഗത മന്ത്രി ഇങ്ങനെ ഒരു കാഴ്ചപ്പാടിലേക്ക് എത്തിയിട്ടുള്ളത്. കെ.എസ് ആര്‍ റ്റി.സി ബസുകളുടെ ഇരട്ടിയിലധികം സ്വകാര്യബസുകള്‍ കേരളത്തിലുണ്ട്. അതുമൂലം ജീവിക്കുന്ന പതിനായിരക്കണക്കിനാളുകളുമുണ്ട്. അവരുടെ സ്ഥിതി വളരെ ദയനീയമാണ്. ഈ അവസരത്തിലാണ് ഇത്തരമൊരു ആലോചനയെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.റ്റി.സി പുതിയ ബസുകള്‍ വാങ്ങുന്ന ഒരു സംവിധാനം നിലവിലുണ്ട്. പക്ഷെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സിന്റെ കയ്യിലുള്ളതെല്ലാം നല്ല ബസുകളാണ്. അവര്‍ തന്നെ അതിന്റെ മെയിന്റനന്‍സ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പക്കല്‍ നിന്നും ഡ്രൈവര്‍ ഉള്‍പ്പെടെയോ അല്ലാതെയോ ദിവസവാടക എന്ന നിലയ്ക്ക് ബസുകള്‍ ഏറ്റെടുക്കാം. ഡ്രൈവര്‍ ഇല്ലാതെയാണെങ്കില്‍ കെ.എസ്.ആര്‍.റ്റി.സി ഡ്രൈവറെ നിയമിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റെടുക്കുന്ന ബസുകള്‍ക്ക് കെ.എസ്.ആര്‍.റ്റി.സി പെയിന്റ് അടിച്ച്‌ പേര് നല്‍കും. അന്നന്നത്തെ കലക്ഷന്‍ അന്നന്ന് ഉടമകള്‍ക്ക് നല്‍കും. ബസ് ക്ളീന്‍ ചെയ്യുന്നതും വാഹനത്തിന്റെ അപാകതകള്‍ പരിഹരിക്കുന്നതും അടക്കം വാഹന പരിപാലനം നടത്തേണ്ടത് എല്ലാം വാഹന ഉടമകളായിരിക്കും. ഇതോടെ സ്വകാര്യ ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഒരു വരുമാന മാര്‍ഗമാകും. ഇതിന്റെ പ്രഖ്യാപനത്തിലേക്ക് ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ബസുടമകള്‍ ഈ കാര്യത്തില്‍ അനുകൂലമാണെങ്കില്‍ വലിയ തുക മുടക്കി കോര്‍പറേഷന്‍ ബസുകള്‍ വാങ്ങില്ല. കാരണം മെയിന്റനന്‍സ് നോക്കേണ്ട കാര്യമില്ല. ഉടന്‍തന്നെ റിപ്പയറിംഗ് നടക്കും. ഇന്‍ഷുറന്‍സ് ടാക്സ് എന്നിവ കെ.എസ്.ആര്‍.റ്റി.സി അടയ്ക്കേണ്ട കാര്യമില്ല. ഡെയ്ലി കളക്ഷനില്‍ നിന്നും വാടക നല്‍കാം. അതുകൊണ്ട് തന്നെ വാടക കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന ഭയം വേണ്ടെന്നും മന്ത്രി പറയുന്നു.

ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍:

ഇത്തരമൊരു നീക്കമുണ്ടായാല്‍ അതിനോട് യോജിക്കുന്നു. ബസുകള്‍ ഓടാതിരുന്നിട്ട് കാലമേറെയായി. വണ്ടികള്‍ ഓടാതിരുന്ന് മെയിന്റനന്‍സ് കൂടുകയാണ്. നാല്‍പതോളം തൊഴിലാളികളുണ്ട്. ജീവനക്കാര്‍ക്ക് ചെലവിന് കൊടുക്കാനാവാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കൃത്യമായ വാടക ലഭിച്ചാല്‍ വാഹനം വിട്ടുനല്‍കാന്‍ തയാറാണ്.

ജാക്ക്സണ്‍ ചുണ്ടക്കാട്ടില്‍
(കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്,
കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍.)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക