ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് രാഹുല്‍ പറഞ്ഞു. ‘മൂന്നാം തരംഗം നേരിടാന്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വില്‍പനയുടെ തിരക്കിലാണ്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാറിന്റെ പാളിച്ചകള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വാക്‌സിന്‍ ക്ഷാമം ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിലും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാറിന്റെ കീഴിലുള്ള ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാറിന് താല്‍പര്യമുള്ള വ്യവസായികള്‍ക്കായി സര്‍ക്കാറിന്റെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്.

റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്. നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തിവില്‍പനയുടെ 14 ശതമാനം വരുന്നതാണിവ.

റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുകയെന്ന് ധനമന്ത്രി അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക