തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതായെന്ന് പറയുന്നത് പച്ചക്കള്ളം. ഗ്രൂപ്പുകളെ അപ്രസക്തമാക്കി നേതാക്കള്‍ തമ്മിലെ ധാരണയാണ് ഇപ്പോള്‍. കെസി വേണുഗോപാലിനാണ് ഇപ്പോള്‍ മുന്‍തൂക്കം. കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന സാധ്യതാ പട്ടിക മറുനാടന്‍ ലഭിച്ചു. 14 ജില്ലാ അധ്യക്ഷന്മാരുടെ നാമനിര്‍ദ്ദേശത്തിലും നേതാക്കളുടെ താല്‍പ്പര്യം പ്രകടമാണ്. ഒരു ഗ്രൂപ്പിലും ഇല്ലാത്ത വിടി ബല്‍റാമിനെ പോലുള്ളവര്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.

തിരുവനന്തപുരത്ത് നിലവില്‍ നെയ്യാറ്റിന്‍കര സനലാണ് ഡിസിസി അധ്യക്ഷന്‍. കെസിയോട് അടുപ്പമുള്ള ആള്‍. അതുകൊണ്ട് പുനഃസംഘടനയിലും തനിക്ക് തന്നെ തിരുവനന്തപുരം വേണമെന്ന് കെസി വേണുഗോപാല്‍ വാദിച്ചു. ഇതിനൊപ്പം ആലപ്പുഴയിലും വയനാട്ടിലും സ്വന്തം പ്രസിഡന്റുമാരെ നിയമിക്കാനാണ് നീക്കം. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോമിനിക്കും കോഴിക്കോട് കെ മുരളീധരന്റെ വിശ്വസ്തനും ഡിസിസി അധ്യക്ഷന്മാരായേക്കും. പാലക്കാടും പിടിമുറുക്കാന്‍ കെസിക്ക് താല്‍പ്പര്യമുണ്ട്. എവി ഗോപിനാഥിനെ അംഗീകരിക്കാതെ കെസി പാലക്കാട്ടെ സ്ഥിതി വഷളാക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ സുധാകരനാണ് സാധ്യതാ പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെസിക്ക് മാത്രമാകും ഇനി ഇതില്‍ ഇടപെടാന്‍ കഴിയുന്ന കേരളാ നേതാവ്. അതുകൊണ്ട് തന്നെ ആലപ്പുഴയിലും പാലക്കാടും കെസിയുടെ താല്‍പ്പര്യങ്ങള്‍ നടക്കുമെന്ന സൂചനകള്‍ സജീവമാണ്. കൊല്ലത്തും തൃശൂരിലും ഡിസിസി പ്രസിഡന്റുമാരാകാന്‍ കടുത്ത മത്സരമാണുള്ളത്. ഇടുക്കിയിലും പത്തനംതിട്ടയിലും കോഴിക്കോടും കോട്ടയത്തും ഡിസിസി അധ്യക്ഷന്മാരായി ഒരാളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. രമേശ് ചെന്നിത്തലയോട് കടുത്ത അനീതിയാണ് കാട്ടിയത്. മലപ്പുറം എ ഗ്രൂപ്പിന് ഉറപ്പായിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്ക് കെപിസിസി നല്‍കിയ സാധ്യതാ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: മണക്കാട് സുരേഷ്(കെസി വേണുഗോപാല്‍)
കൊല്ലം: ആര്‍ ചന്ദ്രശേഖര്‍(വിഡി സതീശന്‍), രാജേന്ദ്രപ്രസാദ്(കൊടിക്കുന്നില്‍ സുരേഷ്)
ആലപ്പുഴ: ബാബുപ്രസാദ്(ഐ ഗ്രൂപ്പ്), എംജെ ജോബ്(കെസി വേണുഗോപാല്‍)
എറണാകുളം; മുഹമ്മദ് ഷിയാസ്(വിഡി സതീശന്‍), ഐകെ രാജു(ഐ ഗ്രൂപ്പ്)
കോട്ടയം: നാട്ടകം സുരേഷ്(തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍)
പത്തനംതിട്ട: സതീഷ് കൊച്ചുപറമ്ബില്‍(പിജെ കുര്യന്‍)
ഇടുക്കി: സിപി മാത്യു
തൃശൂര്‍: അനില്‍ അക്കര(ടിഎന്‍ പ്രതാപന്‍), ജോസ് വെള്ളൂര്‍(കെ സുധാകരന്‍)
പാലക്കാട്: എ തങ്കപ്പന്‍(കെസി വേണുഗോപാല്‍), എവി ഗോപിനാഥ്
മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത്, വി എസ് ജോയ്(എ ഗ്രൂപ്പ്)
കോഴിക്കോട്: കെ പ്രവീണ്‍ കുമാര്‍(കെ മുരളീധരന്‍)
വയനാട്:കെകെ അബ്രഹാം(കെസി വേണുഗോപാല്‍)
കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്(കെ സുധാകരന്‍)
കാസര്‍കോട്: ഖാദര്‍ മങ്ങാട്(എഗ്രൂപ്പ്), നീലകണ്ഠന്‍(ഐ ഗ്രൂപ്പ്)

പ്രതീക്ഷിച്ച പലരും ഈ പട്ടികയില്‍ ഇല്ലെന്നതാണ് വസ്തുത. തൃശൂരില്‍ പത്മജാ വേണുഗോപാലും പത്തനംതിട്ടയില്‍ പഴകുളം മധുവും സാധ്യതാ പട്ടികയില്‍ ഇല്ല. എറണാകുളത്ത് പിടിമുറുക്കാനുള്ള വിഡി സതീശന്റെ തന്ത്രങ്ങളും ഐ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. കണ്ണൂരില്‍ മാത്രമാണ് കെ സുധാകരന് സ്വന്തം താല്‍പ്പര്യം ഇതുവരെ അംഗീകരിപ്പിക്കാന്‍ കഴിഞ്ഞത്. പാലക്കാട് വിടി ബല്‍റാമിന് വേണ്ടി ആരും വാദിച്ചില്ല. എവി ഗോപിനാഥ് വരണമെന്നാണ് സുധാകരന്റെ ആഗ്രഹം. അതിനെ കെസി അംഗീകരിക്കുന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക