എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വില്‍പ്പനശാലകള്‍ ലേലം ചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം നടന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.

ഇങ്ങനെ വർഷത്തില്‍ 12 ദിവസം മദ്യവില്‍പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ ഇത് ദേശീയ-അന്തർദേശീയ കോണ്‍ഫറൻസുകളില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ ഇതില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങള്‍ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളില്‍ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നല്‍കണമെന്നാണ് നിർദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.കയറ്റുമതിക്കും ചില്ലറ വില്‍പ്പനവിപണികള്‍ക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കും. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്. നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.

മറ്റു നിർദേശങ്ങള്‍:

വ്യവസായസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇൻസെന്റീവ് ഏർപ്പെടുത്തുക.

തേയില, കാപ്പി തുടങ്ങിയ വിളകളുടെ ഉത്‌പാദനക്ഷമത ഉയർത്താൻ ശാസ്ത്രീയപഠനം

പൊതുമേഖലാസ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി ഫലപ്രദമായ പദ്ധതികള്‍ക്ക് ഉപയോഗിക്കുക

കൂടുതല്‍ വ്യവസായശാലകള്‍ക്ക് ഇടമൊരുക്കാൻ വ്യവസായ എസ്‌റ്റേറ്റുകളില്‍ ബഹുനിലസൗകര്യമൊരുക്കുക

വിവിധവകുപ്പുകളുടെ കീഴില്‍ സമാന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സൊസൈറ്റികളെയും ലയിപ്പിക്കുക

നികുതിചോർച്ച തടയാൻ എല്ലാ സ്വർണാഭരണങ്ങള്‍ക്കും ഹാള്‍മാർക്ക് ഐഡി ഉറപ്പാക്കുക

വനഭൂമിയുടെ പാട്ടനിരക്ക് ഉയർത്തുക

കാരുണ്യപദ്ധതിയിലൂടെയുള്ള ആനുകൂല്യം ലഭിക്കാൻ ചില ചികിത്സകളും ശസ്ത്രക്രിയയും സർക്കാർ ആശുപത്രികളില്‍തന്നെ ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക