ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാണെന്ന വാർത്തയെത്തുടർന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി. പ്ളോട്ട് തിരിച്ച്‌ വില്പന നടത്തും മുമ്ബ് ഭൂമി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (കെ-റെറ) നിർബന്ധമായും രജിസ്റ്റർ ചെയ്യിപ്പിക്കണം. 2019ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ റൂള്‍ 31 പ്രകാരം പത്തിലധികം പ്ലോട്ടുകളോ, അര ഹെക്ടറിലധികമുള്ള ഭൂമി പ്ലോട്ടുകളാക്കിയോ വില്‍ക്കുംമുമ്ബ് ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്നോ തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്നോ ലേഔട്ട് അംഗീകാരം വാങ്ങണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്നായിരുന്നു.

വികസന അനുമതിപത്രമോ (ഡെവലപ്‌മെന്റ് പെർമിറ്റ്) ലേ ഔട്ട് അനുമതിയോ ഇല്ലാതെ ഭൂമി പ്ലോട്ടുകളാക്കുന്നതായി വിവരം കിട്ടിയാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ സ്റ്റോപ്പ് മെമ്മോ നല്‍കണം. ഭൂമി പ്ലോട്ടാക്കി വില്‍ക്കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദർശിപ്പിക്കണമെന്ന് സർക്കുലറില്‍ നിർദ്ദേശിച്ചു. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങള്‍, 2019ലെ ചട്ടം 4, റിയല്‍ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ) ആക്‌ട് 2016ലെ വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പാണ് പ്രദർശിപ്പിക്കേണ്ടത്. പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പല്‍, കോർപ്പറേഷൻ കൗണ്‍സിലിലും സർക്കുലർ അവതരിപ്പിക്കണമെന്നും സെക്രട്ടറിമാർക്ക് നിർദ്ദേശമുണ്ട്. പ്ലോട്ട് വികസനത്തിന് അനുമതിപത്രം നല്‍കുമ്ബോള്‍ പകർപ്പ് കെ-റെറ സെക്രട്ടറിക്കും അയയ്‌ക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചട്ടം പാലിക്കുന്ന പ്ളോട്ട് വാങ്ങാൻ ശ്രദ്ധിക്കുക

ലേ ഔട്ട് പ്ളാനുള്ള പ്ലോട്ടാണെന്ന് ഉറപ്പാക്കണം

രജിസ്ട്രാർ, വില്ലേജ് ഓഫീസുകളില്‍ രേഖകള്‍ പരിശോധിക്കണം

പ്ളോട്ടുകളുടെ അവകാശികളായി വരുന്നവർക്ക്പൊതുഉപയോഗത്തിനായി ഭൂമി മാറ്റിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം

വഴിക്ക് അഞ്ചു മീറ്റർ വീതി വേണം

വഴിയില്‍ നിന്ന് നാലുമീറ്റർ ഉള്ളിലേക്ക്മാറിയേ കെട്ടിടം നിർമ്മിക്കാൻ കഴിയൂ. ചട്ടങ്ങള്‍ പാലിച്ച്‌ കെട്ടിടം പണിയാൻ പ്ളോട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക