കർണാടകയുടെ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങള്‍ക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയില്‍ അവതരിപ്പിച്ചത്. വഖഫിന് 100 കോടി രൂപയും, ക്രിസ്ത്യൻ സമുദായത്തിന് 200 കോടി രൂപയും തീർത്ഥാടന കേന്ദ്രങ്ങള്‍ക്ക് 200 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരത്ത് ഹജ് ഭവൻ നിർമ്മിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച സർക്കാർ സംസ്ഥാനത്ത് 100 മൗലാനാ ആസാദ് സ്കൂളുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ ബുദ്ധമത വിശുദ്ധ ഗ്രന്ഥമായ “ത്രിപിടകം” കന്നഡയിലേക്ക് വിവർത്തനം ചെയ്യുന്നതിന് ആവശ്യമായ ഗ്രാന്റ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഊർജ മേഖലയില്‍ കർണാടകയെ വീണ്ടും മുൻ നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 23,159 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ബംഗളൂരുവിലെ ബിബിഎംപി, ബിഎംആർസിഎല്‍, ബിഡിഎ, ബിഡബ്ല്യുഎസ്‌എസ്ബി തുടങ്ങിയ ഓഫീസുകളില്‍ സോളാർ പാർക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ബജറ്റില്‍ സർക്കാർ മുന്നോട്ട് വച്ചു. കഫേ സഞ്ജീവനി എന്ന പേരില്‍ സ്ത്രീകള്‍ നടത്തുന്ന 50 ഓളം കഫേകള്‍ ആരംഭിക്കാൻ 7.50 കോടി രൂപ അനുവദിച്ചു. ആരോഗ്യകരമായ പരമ്ബരാഗത ഭക്ഷണവും ഈ കഫേകള്‍ വഴി എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ വികസനം മുൻ നിർത്തി 2024-29 ലെ ടൂറിസം നയം സർക്കാർ പരിഷ്കരിക്കുമെന്നും കൂടാതെ കൊപ്പല്‍ ജില്ലയിലെ അഞ്ജനാദ്രി പ്രദേശത്തെ ടൂറിസം വികസനത്തിനായി 100 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിത ജിഎസ്ടി നിരക്ക് 14 ശതമാനമായിരുന്നതിനാല്‍ നികുതി പിരിവ് 100 കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നതെന്നും എന്നാല്‍ 3,26,764 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും സിദ്ദരാമയ്യ പറഞ്ഞു. നഷ്ടപരിഹാരമായി സംസ്ഥാനത്തിന് 1,06,258 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചതെന്നും ജിഎസ്ടി നടപ്പാക്കിയതിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളില്‍ 59,274 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശക്തി, ഗൃഹജ്യോതി, ഗൃഹ ലക്ഷ്മി, യുവ നിധി, അന്ന ഭാഗ്യ എന്നീ അഞ്ച് സ്കീമുകള്‍ നടപ്പിലാക്കുന്നതിനായി സർക്കാർ 52,000 കോടി രൂപയും അനുവദിച്ചു. സംസ്ഥാന സർക്കാർ അവതരിപ്പിച്ച സ്കീമുകള്‍ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ളവ മാത്രമല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ളവയാണ് എന്നും സിദ്ധാരമയ്യ അഭിപ്രായപ്പെട്ടു. എൻഡിഎ സർക്കാരിന് കീഴില്‍ രാജ്യത്ത് അസമത്വങ്ങള്‍ വർധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ബി എസ് സി അല്ലെങ്കില്‍ നഴ്‌സിങ് ബിരുദം നേടുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് അവരുടെ ഫീസ് തിരികെ നല്‍കുന്ന പദ്ധതി സർക്കാർ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കർണാടക സ്റ്റേറ്റ് ഫിനാൻഷ്യല്‍ കോർപറേഷനില്‍ നിന്നും 10 കോടി വരെയുള്ള വായ്പകള്‍ക്ക് 6 ശതമാനം പലിശ സബ്‌സിഡി നല്‍കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. അതേസമയം ബിജെപി എംഎല്‍എമാർ ബജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും പ്രതിഷേധിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക