ഇക്കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് വൈദികനും റാന്നി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയുമായ ഫാ. ഷൈജു കുര്യനെതിരെ സ്ത്രീ ത്വത്തെ അപമാനിച്ചതിന് പരാതി. സഭയിലെ തന്നെ വൈദികനും റാന്നി സെൻ്റ് തോമസ് കോളജ് അധ്യാപകനുമായ ഫാ.ഡോ.മാത്യൂസ് വാഴക്കുന്നമാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയത്. എസ്പി ഓഫീസില്‍ നിന്ന് കോയിപ്പുറം പോലീസിന് കൈമാറിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി എസ്‌എച്ച്‌ഒ വി.സജീഷ് കുമാര്‍ പറഞ്ഞു.

ഷൈജു കുര്യൻ വികാരിയായി ജോലി ചെയ്യുന്ന പള്ളിയിലെ അംഗമായ വീട്ടമ്മയെ നിരന്തരം ലൈംഗിക ഉദ്ദേശത്തോടു കൂടി വാട്ട്സ്‌ആപില്‍ വിളിച്ച്‌ ശല്യപ്പെടുത്തുന്നു എന്നാണ് പരാതിയുടെ ഉള്ളടക്കം. വൈദികൻ്റെ ഉടമസ്ഥതയില്‍ കോഴഞ്ചേരിയിലുള്ള വീട്ടിലേക്ക് ചെല്ലാൻ നിര്‍ബന്ധിക്കുന്നത് പതിവാണ്. മൂന്നാര്‍, പഴഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചെല്ലാനും, അവിടെ ഹോട്ടലില്‍ മുറിയെടുക്കാമെന്ന് പറഞ്ഞും വീട്ടമ്മയെ പ്രലോഭിപ്പിക്കുന്നു. കുടുംബിനിയായ വീട്ടമ്മയോട് ഷൈജു കുര്യൻ നടത്തുന്ന അനീതിക്കെതിരെ നടപടി ഉണ്ടാവണമെന്നാണ് മാത്യൂസ് വാഴക്കുന്നം പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വൈദികനെന്ന നിലയില്‍ പുലര്‍ത്തേണ്ട മാന്യതയും, വിശുദ്ധിയും, ധാര്‍മ്മികതയും മറന്നുകൊണ്ടുള്ള പ്രവര്‍ത്തികള്‍ പൊതുസമൂഹത്തിന് തന്നെ അപമാനമായത് കൊണ്ടാണ് താൻ പോലീസില്‍ പരാതി നല്കിയതെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നതില്‍ പരസ്യ പ്രതിഷേധുമായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഇന്ന് റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി. വൈദികര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികള്‍ പറയുന്നു. പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് നടക്കാനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവെച്ച്‌ ഭദ്രാസനാധിപൻ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപൊലീത്ത മുങ്ങിയെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഷൈജു കുര്യൻ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ക്രിസ്മസ് സംഗമത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനാണ് അംഗത്വം നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക