കൊല്ലം: ഓയൂരിൽ ആറു വയസുകാരിയുടെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരിൽ പത്മകുമാറിനെ തിരിച്ചറിഞ്ഞ് കുട്ടി. കഷണ്ടിയുള്ള മാമൻ എന്ന് കുട്ടി നേരത്തേ മൊഴി നൽകിയിരുന്നു. പ്രിന്റ് ചെയ്ത ചിത്രം കാണിച്ചതോടെ കുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു. പത്മകുമാറിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് ഉടൻ കടന്നേക്കും

അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു. 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് ഇന്ന് ഉച്ചയോടെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെങ്കാശിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ അന്വേഷണസംഘം മൂവരെയും പിടികൂടുകയായിരുന്നു. പത്മകുമാറിന് മാത്രമേ കേസിൽ നേരിട്ട് ബന്ധമുള്ളൂ എന്നാണ് പ്രാഥമിക നിഗമനം. മൂവരെയും അടൂരിലെ കെ.എ.പി ക്യാംപിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

ചാത്തന്നൂരിലെ ഇയാളുടെ വീട്ടിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാർ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളതും ഒരു ഡിസയർ കാർ ആയിരുന്നു. എന്നാൽ ആ കാർ തന്നെയാണോ ഇത് എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളിലെ കാറിന്റെ നമ്പർ വ്യാജമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പത്മകുമാറിന്റെ വീട്ടിലേത് ഇയാളുടെ പേരിലെടുത്തിരിക്കുന്ന കാർ തന്നെയാണ്.

പത്മകുമാറിന് കേസിൽ കൃത്യമായ പങ്കുണ്ട് എന്ന് നേരത്തേ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. എന്തുകൊണ്ട് ഇയാൾ ഇത്തരമൊരു കൃത്യം ചെയ്തു എന്നതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്.       ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്‌ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക