സര്‍ക്കാര്‍ ആരംഭിക്കുന്ന ഇ-ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ‘എൻ്റെ ഷോ’ ആപ്പിനെതിരെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. സര്‍ക്കാര്‍ ആപ്പുമായും വെബ്സൈറ്റുമായും സഹകരിക്കില്ലെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഫിയോക് അറിയിച്ചു. ഏത് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തീയേറ്ററില്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടത്.

ആദ്യം സര്‍ക്കാര്‍ തിയേറ്ററുകളില്‍ ആപ്പ് സംവിധാനം പരീഷണാടിസ്ഥാനത്തില്‍ നടപ്പാക്കട്ടെ. ആറുമാസം കാര്യക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ലെന്നും ഫിയോക് കുറ്റപ്പെടുത്തി. “ടിക്കറ്റിന്റെ സര്‍വീസിനായി ഏജൻസിയെ ചുമതലപ്പെടുത്തുമ്ബോള്‍ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തീയേറ്റര്‍ ഉടമകള്‍ക്ക് പങ്കുവരുന്നത്. അതില്‍ നിന്നാണ് ഞങ്ങള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും പണം നല്‍കുന്നത്. അങ്ങനെയൊരു സംവിധാനത്തോട് താല്‍പര്യമില്ല. അത് നടപ്പാക്കാൻ സമ്മതിക്കുകയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞങ്ങള്‍ കൃത്യമായി ആഴ്ചതോറും ഷെയര്‍ നല്‍കുന്നുണ്ട്. ഇവരുടെ കണ്ണില്‍ തീയേറ്ററുടമകള്‍ വലിയ പണക്കാരാണ്. തല്‍ക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെഎസ്‌ആര്‍ടിസിയ്ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല”- തീയേറ്റര്‍ ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ്ക്കാലത്ത് സര്‍ക്കാര്‍ തീയേറ്റര്‍ ഉടമകളെ അവഗണിച്ചെന്നും ഫിയോക് ആരോപണമുന്നയിച്ചു. കോവിഡ്ക്കാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തീയേറ്റര്‍ ഉടമകളുടെ പ്രശ്നങ്ങള്‍ അറിയിച്ചതാണ്. സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് തീയേറ്റര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ 20 മാസത്തോളം തീയേറ്റര്‍ ഉടമകള്‍ കഷ്ടപ്പെട്ടു. പലരും പട്ടിണി കിടന്നിട്ടും ആരും ഒന്നും ചെയ്തില്ലെന്നും ഫിയോക് പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ കേരളത്തിലെ എല്ലാ തിയേറ്ററുകളെയും ഉള്‍പ്പെടുത്തി ‘എന്റെ ഷോ’ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് തീയേറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. നിലവിലെ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ‘ബുക്ക് മൈ ഷോ’യിലൂടെയുള്ള സാമ്ബത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ ആപ്പ് വികസിപ്പിച്ചത്. ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്ബോള്‍ ഒരു ടിക്കറ്റില്‍ നിന്നും 35 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. മാത്രമല്ല ടിക്കറ്റ് ക്യാൻസല്‍ ചെയ്യുമ്ബോള്‍ ഭീമമായ തുക നഷ്ടവും സംഭവിക്കുന്നുണ്ട്.’എന്റെ ഷോ’ ആപ്പ് ലോഞ്ചാവുന്നതിലൂടെ ഈ നഷ്ടം നികത്താവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക