കാനഡയില്‍ ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊന്നതില്‍ പങ്കുണ്ടെന്നാരോപിച്ച്‌ ന്യൂയോര്‍ക്കില്‍ യുഎസിലെ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച്‌ ചോദ്യം ചെയ്ത് ഖലിസ്ഥാൻ വാദികള്‍. ഇന്ത്യൻ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു ഗുരുപുരാബ് ആഘോഷവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനിടെയാണ് ഖാലിസ്ഥാനി അനുയായികള്‍ വളഞ്ഞത്. തിങ്കളാഴ്ച ലോംഗ് ഐലൻഡിലെ ഗുരുനാനാക് ദര്‍ബാറിലാണ് സംഭവം.

‘നിങ്ങളാണ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദി, പന്നൂനെ കൊല്ലാൻ നിങ്ങള്‍ പദ്ധതിയിട്ടു’ എന്നാരോപിച്ചായിരുന്നു തടഞ്ഞുവച്ചതും ആക്രോശിച്ചതും. സംഭവം വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ വിവാദമായി. ഈ വര്‍ഷം ആദ്യം കാനഡയില്‍ നടന്ന ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘം സന്ധുവിനെ ചോദ്യം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജനനത്തെ അനുസ്മരിക്കുന്ന ചടങ്ങായ ഗുരുപുരാബ് ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഖലിസ്ഥാനി നേതാവ് ഹിമ്മത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി സദ്ധുവിനെ തടഞ്ഞുവച്ച്‌ ചോദ്യം ചെയ്തതെന്ന് ബിജെപി വക്താവ് ആര്‍.പി സിങ് വീഡിയോ പങ്കുവച്ച്‌ എക്സില്‍ കുറിച്ചു.പരിപാടി തടസപ്പെടുത്താൻ സംഘം ശ്രമിച്ചെങ്കിലും സന്ധു, ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പങ്കുവച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.

ജൂണ്‍ 18നാണ് ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജര്‍ കൊല്ലപ്പെട്ടത്. കാനഡ- യുഎസ് അതിര്‍ത്തിയിലെ സറെയില്‍ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ തലയ്ക്കു വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് അജ്ഞാതരാണ് വെടിവച്ചതെന്നും ഹര്‍ദീപ് തല്‍ക്ഷണം മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഇതിനുള്ള തിരിച്ചടിയെന്നോണം കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു.

നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെ കാനഡയിലെ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് രംഗത്തെത്തിയിരുന്നു. ഇന്തോ- കനേഡിയൻ ഹിന്ദുക്കള്‍ രാജ്യം വിട്ട് ഇന്ത്യയിലേക്ക് മടങ്ങണമെന്നായിരുന്നു നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്‌എഫ്‌ജെ) നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്റെ ഭീഷണി. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച പന്നൂന്‍ ഖലിസ്ഥാനി വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക