കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലും താരമായിരുന്നു. ദേ മാവേലി കൊമ്ബത്ത് അടക്കമുള്ള പ്രോഗ്രാമുകളിലൂടെ വളര്‍ന്നു വന്ന താരമാണ് ഹനീഫ.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1990ല്‍ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയില്‍ തുടക്കംകുറിക്കുന്നത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഉസ്താദ് ഹോട്ടല്‍, ദൃശ്യം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ഈ വര്‍ഷം പുറത്തിറങ്ങിയ ജലധാര പമ്ബ്‌സെറ്റാണ് അവസാന ചിത്രം.സിനിമകള്‍ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്ബരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളില്‍ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.

ദിലീപ് ചിത്രങ്ങളിലായിരുന്നു ഹനീഫിന് കൂടുതല്‍ വേഷങ്ങള്‍ ലഭിച്ചത്. കൊച്ചിയില്‍ വിശാലമായി സൗഹൃദവും ഹനീഫിനുണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. 30 വര്‍ഷത്തോളം മലയാളം സിനിമാ രംഗത്ത് സജീവമായിരുന്നു എന്നതാണ് ഹനീഫിനെ സിനിമയില്‍ അടയാളപ്പെടുത്തുന്ന കാര്യം.ഭാര്യ: വാഹിദ. മക്കള്‍: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്. ഖബറടക്കം നാളെ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക