ലാഹോര്‍: ലോകകപ്പില്‍ അഫ്ഗാനോട് ദയനീയമായി തോറ്റ പാകിസ്ഥാന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ വസീം അക്രം. അഫ്ഗാനോടുള്ള തോല്‍വി പാകിസ്ഥാന് നാണക്കേട് ഉണ്ടാക്കുന്നതാണ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അഫ്ഗാന്‍ വന്‍ വിജയം നേടിയതെന്നും അക്രം പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി പാക് ടീമിലെ കളിക്കാര്‍ ഫിറ്റ്നസില്‍ ശ്രദ്ധിക്കാറില്ല. അത് ഫീല്‍ഡിങ് കണ്ടാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ദിവസവും എട്ടു കിലോ മട്ടണാണ് ഇവര്‍ ഓരോരുത്തരും കഴിക്കുന്നത്, പിന്നെ എങ്ങനെ ഫിറ്റ്നസ് ഉണ്ടാകുമെന്നും അക്രം പരിഹസിച്ചു. കൃത്യസമയത്ത് നടത്തേണ്ട ഒരു ഫിറ്റ്നസ് ടെസ്റ്റുകളും ടീം മാനേജ്‌മെന്റ് നടത്തുന്നില്ലെന്നും അക്രം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിറ്റ്നസ് ഇല്ലാത്ത എല്ലാ കളിക്കാരേയും എനിക്കറിയാം, അവരുടെ പേരുകള്‍ പറയാത്തത് വ്യക്തിപരമായ ആക്രമണം വേണ്ടെന്നു കരുതിയാണ്. നിങ്ങള്‍ കളിക്കുന്നത് ഒരു രാജ്യത്തിനു വേണ്ടി ആണെന്ന് ഓര്‍ക്കണം. പ്രൊഫഷണലായി കളിക്കാന്‍ ആണ് പണം വാങ്ങുന്നത്. അതിനാല്‍ ഫിറ്റ്നസ് കാര്യങ്ങളില്‍ ഒരു നിശ്ചിത മാനദണ്ഡം കാത്തുസൂക്ഷിക്കണമെന്നും അക്രം പറഞ്ഞു.

തിങ്കളാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ എട്ടുവിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ഒരോവര്‍ ശേഷിക്കേ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഇതാദ്യമായാണ് അഫ്ഗാന്‍ ലോകകപ്പില്‍ രണ്ട് ജയങ്ങള്‍ നേടുന്നത്.ഈ ലോകകപ്പില്‍ അഫ്ഗാന്‍ നേടുന്ന രണ്ടാം ജയമാണിത്. ലോകചാമ്പ്യന്‍മാരെ അട്ടിമറിച്ചായിരുന്നു ഈ ലോകകപ്പിലെ ആദ്യവിജയം. മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത പരുങ്ങലിലായി.

ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മത് ഷാ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്.283 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു അഫ്ഗാന്റേത്. റഹ്മാനുള്ള ഗുര്‍ബാസ് – ഇബ്രാഹിം സദ്രാന്‍ ഓപ്പണിങ് സഖ്യം 21.1 ഓവറില്‍ 130 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ അഫ്ഗാന്‍ മത്സരവിജയം തങ്ങള്‍ക്കൊപ്പമെന്ന സന്ദേശം നല്‍കിയിരുന്നു. 53 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 65 റണ്‍സെടുത്ത ഗുര്‍ബാസിനെ മടക്കി ഷഹീന്‍ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ റഹ്മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി. ഇതിനിടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സദ്രാനെ ഹസന്‍ അലി റസ്വാന്റെ കൈകളിലെത്തിച്ചു. 113 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 87 റണ്‍സെടുത്ത സദ്രാനാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച റഹ്മത്ത് ഷാ – ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്‍ത്ത 93 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി. 84 പന്തുകള്‍ നേരിട്ട റഹ്മത്ത് ഷാ 77 റണ്‍സോടെയും 45 പന്തുകള്‍ നേരിട്ട ഷാഹിദി 48 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക