പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് അന്തര്‍ സംസ്ഥാന യാത്ര പുറപ്പെട്ട സ്വകാര്യ ബസ്സ് മോട്ടോര്‍ വാഹനവകുപ്പ് വീണ്ടും പിടിച്ചെടുത്തു. ടൂറിസ്റ്റ് പെര്‍മിറ്റ് മാത്രമുള്ള റോബിൻ ബസ്സ് സ്റ്റേജ് ക്യാരേജ് ആയി സര്‍വീസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സര്‍വീസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ബസ്സ് ഉടമയുടെ വാദം.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കോയമ്ബത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ്സ് റാന്നിയില്‍ വെച്ച്‌ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. യാത്രക്കാരെ ഇറക്കിവിട്ട് ബസ്സ് എ.ആര്‍. ക്യാമ്ബിലേക്ക് കൊണ്ടുപോയി. വിനോദസഞ്ചാരത്തിന് മാത്രം ഉപയോഗിക്കാനുള്ള പെര്‍മിറ്റ് ആണ് നല്‍കിയതെന്നും സാധാരണ സ്വകാര്യ ബസ്സ് ഓടും പോലെ ഓരോ സ്റ്റോപ്പില്‍ നിന്ന് ആളുകളെ കയറ്റി പോകുന്ന സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിലപാട്. എന്നാല്‍ പുതുക്കിയ കേന്ദ്ര നിയമപ്രകാരം സ്വകാര്യ ബസ്സുകള്‍ക്ക് ഏത് പാതയിലും സര്‍വീസ് നടത്താം. അത് അനുസരിച്ച്‌ നികുതി അടച്ച്‌ നിരത്തിലറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പിടികൂടുന്നതെന്നാണ് ബസ്സ് ഉടമ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നരമാസം മുൻപ് ഇതേ ബസ് എംവിഡി പിടികൂടിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ് വാങ്ങിയെന്നും ഉടമ പറയുന്നു. ദീര്‍ഘദൂര ബസ്സുകളിലെ വരുമാനത്തിലാണ് കെഎസ്‌ആര്‍ടിസി പ്രധാനമായും പിടിച്ചുനില്‍ക്കുന്നത്. അതിനാല്‍ കേന്ദ്ര നിയമം പറഞ്ഞ് സ്വകാര്യ ബസ്സുകള്‍ റൂട്ടുകള്‍ കീഴടക്കിയാല്‍ കോര്‍പറേഷന് കൂടുതല്‍ പ്രതിസന്ധിയാകും. അത് മുൻകൂട്ടി കണ്ടാണ് റോബിൻ ബസ്സിന് എതിരായി നീക്കമെന്നും ആക്ഷേപമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക