എസ്‌എഫ്‌ഐ നേതാവിന് ചട്ടവിരുദ്ധമായി പ്രവേശനം നല്‍കുന്നതിന് കണ്ണൂര്‍ സര്‍വകലാശാലാ പഠന റെഗുലേഷനില്‍ മാറ്റംവരുത്തിയെന്ന് ആരോപണം. ഒരു വര്‍ഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് എം.എ ഇംഗ്ലീഷ് ബിരുദത്തിന് പ്രവേശനം നേടാനാവില്ല എന്നിരിക്കേയാണ് എസ്‌എഫ്‌ഐയുടെ കാസര്‍ഗോഡ് ജില്ലാ നേതാവ് ഇമാനുവലിന് പ്രവേശനം നല്‍കുന്നതിന് റഗുലേഷനില്‍ മാറ്റംവരുത്തിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ കമ്മിറ്റി ആരോപിക്കുന്നു. ഇമാനുവലിന് കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജില്‍ എം.എയ്ക്ക് പ്രവേശനം നല്‍കുന്നതിനായിരുന്നു തിരക്കിട്ട ചട്ട ഭേദഗതി.

സംസ്ഥാനത്തെ ഒരു സര്‍വകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ തിരക്കിട്ട് നടപ്പാക്കുകയായിരുന്നു. ബികോം സപ്പ്ളിമെന്ററിയായി ജയിച്ച ഇമാനുവലിന് മാര്‍ക്ക് കുറവായതിനാല്‍ സ്പോര്‍ട്സ് ക്വാട്ടയിലാണ് പ്രവേശനം നല്‍കിയത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ മുൻകൈയെടുത്തു വിളിച്ചുചേര്‍ത്ത ഇംഗ്ലീഷ് അധ്യാപകരുടെ പ്രത്യേക ഓണ്‍ലൈൻ കരിക്കുലം കമ്മിറ്റിയില്‍വെച്ചാണ് ഒന്നാം ഭാഷയായി ഒരു വര്‍ഷം മാത്രം ഇംഗ്ലീഷ് പഠിക്കുന്ന ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എം.എ ഇംഗ്ലീഷില്‍ ചേരുവാൻ റെഗുലേഷനില്‍ ഭേദഗതി വരുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1960 മുതല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്ന നിയമമാണ് കണ്ണൂര്‍ സര്‍വ്വകലാശാല മാത്രമായി ഇപ്പോള്‍ മാറ്റുന്നത്. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവായ ഇമ്മാനുവലിന് അതേ കോളേജില്‍ തുടര്‍പഠനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് അക്കാദമിക് കൗണ്‍സിലിനെ ഒഴിവാക്കി വിസി മുൻകൈയ്യെടുത്ത് വിചിത്രമായ തീരുമാനം നടപ്പാക്കിയതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിൻ കമ്മിറ്റി ആരോപിക്കുന്നു. ഇതുസംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

പിജി കോഴ്സുകളുടെ നിലവാരം തകര്‍ക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നടപ്പാക്കിയ കണ്ണൂര്‍ വിസിയുടെ നിലപാട് അക്കാദമിക് സമൂഹത്തിന് അപമാനകരമാണെന്ന് നിവേദനത്തില്‍ പറയുന്നു. സംസ്ഥാനത്തെ മറ്റ് അഫീലിയേറ്റിങ് സര്‍വ്വകലാശാലകളുമായി ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി വി.സി കൈക്കൊണ്ട തീരുമാനം ക്രമവിരുദ്ധമാണെന്നും പുനഃപരിശോധിക്കാൻ കണ്ണൂര്‍ വി.സിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക