ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ നടപടിയെടുക്കാൻ സര്‍ക്കാര്‍. അടിസ്ഥാന ശമ്ബളത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഇതില്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. കുടുംബത്തെ സംരക്ഷിക്കുന്നില്ല എന്ന പരാതി പതിവായതോടെയാണ് കര്‍ശനനടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അടുത്ത ബന്ധുവിന്‍റെ മരണത്തെ തുടര്‍ന്നാണ് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍ ആശ്രിത നിയമനം ലഭിക്കുന്നത്.

കുടുംബാംഗങ്ങളുടെ ചുമതല ഏറ്റെടുക്കാം എന്ന് എഴുതി നല്‍കിയ ശേഷമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഈ ഉറപ്പ് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതര്‍ക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നല്‍കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഹാരം, വസ്തു, പാര്‍പ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിര്‍വചനത്തില്‍പ്പെടുന്നത്. ആശ്രിതരുടെ പരാതിയില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തി റിപ്പോര്‍ട്ട് വാങ്ങിയശേഷം അടിസ്ഥാന ശമ്ബളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. തഹസില്‍ദാരുടെ അന്വേഷണത്തില്‍ ആക്ഷേപമുള്ള ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനകം ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. പരാതിയില്‍ ജില്ലാ കലക്ടര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക