കാസർഗോഡ് : എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ളലോകോത്തര നിലവാരമുള്ള സൗജന്യ ചികിത്സാ കേന്ദ്രമായ എയിംസ് മെഡിക്കൽ കോളേജിന് വേണ്ടിയുള്ള സമരവും കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയുടെ വികസനത്തിന്‌ വേണ്ടിയുള്ള ആരോഗ്യ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. പ്രധാന പോരാട്ടമായ എയിംസ് വിഷയം ഒഴിച്ച് മറ്റു എല്ലാ പോരാട്ടങ്ങളും വിജയം കാണുന്നുണ്ടെന്നും അമ്മയും കുഞ്ഞും ആശുപത്രി തുറന്നതും ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഒ പി മൂന്നാം നിലയിൽ നിന്നും താഴെ ഗ്രൗണ്ട് നിലയിലേക്ക് മാറ്റിയതും കാസറഗോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ്/റാമ്പ് വിഷയത്തിലെ അപാകത അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വകുപ്പ് മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടതും അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണ് എന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.

എയിംസ് കൂടായ്മ പോരാട്ട വിജയം നേടണമെങ്കിൽ ഭരണ പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ തീരുമാനം ഉണ്ടാവണമെന്നും അതിന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും ഇന്ന് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ചേർന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ജനകീയ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ 6 ന് ചൊവ്വാഴ്ച ഉച്ചക്ക് 3.30 മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ചേരുമെന്നും വരുംവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അന്നേ ദിവസം തെരെഞ്ഞെടുക്കുമെന്നും കൂട്ടായ്മ ജില്ലാ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി നാസർ ചെർക്കളം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താനൂർ ബോട്ടപ്പകടത്തിൽ മരിച്ചവർക്കും ആക്രമണത്തിന് ഇരയായി മരണം വരിച്ച ഡോക്ടർ വന്ദന ദാസിനും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം കൂട്ടായ്മ ഭാരവാഹികൾ ജില്ലാ ആശുപത്രി സന്ദർശിച്ച് ആശുപത്രിയിലെ ഡ്യൂട്ടി സ്റ്റാഫ്‌ ഷോർട്ടേജ് പ്രശ്നം ഹോസ്പിറ്റൽ അധികൃതരുമായി ചർച്ച നടത്തി. വെള്ളരിക്കുണ്ട് താലൂക് ആശുപത്രിയുടെ പ്രശ്നങ്ങൾ പഠിക്കാൻ ഭാരവാഹി സംഘം മെയ്‌ 25 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പൂടങ്കല്ല് ആശുപത്രി സന്ദർശനം നടത്തുമെന്നും, ജില്ല കടുത്ത വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ടെന്നും കടന്നൽകുത്ത്, പാമ്പ് കടി, പേപ്പട്ടി കടി എന്നിവക്കുള്ള വാക്‌സിനുകൾ ലഭിക്കാത്തതിനാൽ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചികിത്സക്കായി പാവപ്പെട്ട ജനങ്ങൾ നൽകേണ്ടി വരുന്ന ദുരവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അധികൃതരുടെ ശ്രദ്ധയിൽ ഇത് പെടുത്തുമെന്നും നടപടിയില്ലെങ്കിൽ പുതിയ സമരവുമായി മുന്നോട്ട് പോവുമെന്നും അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ 493 ആം ദിവസമായ ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

കാസർഗോഡ്, കാഞ്ഞങ്ങാട് സമര പന്തലിൽ പ്രധാന സാമൂഹ്യ നേതാക്കൾ നട്ടതും ചെടിച്ചട്ടിയിൽ പരിപാലിച്ച് വരുന്നതുമായ അരയാൽ, ഇലഞ്ഞി എന്നീ ചെടികൾ അവിടെ നിന്നും മാറ്റി നടുന്നതിന് ഭൂമി തരപ്പെടുത്തി നൽകുന്നതിന് റവന്യു, ഫോറസ്റ്റ് വകുപ്പുകളിൽ ഇടപെടുന്നതിന് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുമെന്നും കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക