മാലിക് റിവ്യൂ

അന്ന കീർത്തി ജോർജ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ സങ്കീർണമായ ഒരു കഥയെയും പശ്ചാത്തലത്തെയും വ്യത്യസ്ത ലെയറുകളിൽ ഒരുപിടി കഥാപാത്രങ്ങളിലൂടെ പിടിച്ചിരുത്തുന്ന കഥപറച്ചിൽ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ മാലിക്. മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള സിനിമ ഒരൊറ്റ നിമിഷത്തിൽ പോലും പ്രേക്ഷകന്റെ ശ്രദ്ധയെ വ്യതിചലിക്കാൻ അനുവദിക്കാതെ മുന്നോട്ടു കൊണ്ടുപോകാൻ തിരക്കഥാകൃത്തും സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന് കഴിഞ്ഞിട്ടുണ്ട്.

അലി ഇക്ക എന്ന റമദാപള്ളി പരിസരത്തെ ഏറ്റവും സ്വാധീനമുള്ള നേതാവ്, ഒരു ഗ്യാങ്ങ്സ്റ്ററെന്നോ കള്ളക്കടത്തുകാരനെന്നോ വിളിക്കാൻ കൂടി കഴിയുന്ന ആ കഥാപാത്രത്തിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി കൊണ്ടാണ് മാലികിന്റെ കഥ നടക്കുന്നത്.

ആറാം വയസിൽ റമദാപള്ളിയിലെത്തിയ, മരണത്തിൽ നിന്നും തിരിച്ചുനടന്ന അഹമ്മദലി സുലൈമാനെന്ന അലിയുടെ ജീവിതത്തിലൂടെ റമദാൻ പള്ളിയും എടത്വറ തുറയും ക്രിസത്യൻ മുസ്ലിം ന്യൂനപക്ഷവും സമുദായ രാഷ്ട്രീയവും സർക്കാരും രാഷ്ട്രീയക്കളികളും പൊലീസും ബ്യൂറോക്രസിയും കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനങ്ങളും കൊലപാതകവും കലാപവുമെല്ലാം ചിത്രം പറയുന്നു.

സാഹചര്യങ്ങളിൽ പെട്ടുപോയി നിസഹായരാകുന്ന, ഒരിക്കലും ആഗ്രഹിക്കാത്ത നടപടികൾ സ്വീകരിക്കേണ്ടി വരുന്ന മനുഷ്യരെ കുറിച്ചും സൗഹൃദം, പ്രണയം തുടങ്ങിയ വ്യക്തിബന്ധങ്ങൾ സമുദായങ്ങൾ തമ്മിലുള്ള ബന്ധത്തെയും തിരിച്ചും സ്വാധീനിക്കുന്ന അവസ്ഥകളെ കുറിച്ചും ഒരു ഗ്രേ ഏരിയയിൽ നിന്നുകൊണ്ട് ചിത്രം സംസാരിക്കുകയാണ്.

2009ൽ നടന്ന ബീമാപള്ളി വെടിവെപ്പാണ് മാലികിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ടീസർ ഇറങ്ങിയ സമയം മുതൽ തന്നെ ചർച്ചയുണ്ടായിരുന്നു. റിലീസിന് പിന്നാലെ ഈ ചർച്ചകൾ സജീവമായിട്ടുണ്ട്. ഇതേ കുറിച്ചുയരുന്ന വിവിധ വിമർശനങ്ങളും അഭിപ്രായങ്ങളും നമുക്ക് വഴിയേ പറയാം.

തിരക്കഥയുടെ കെട്ടുറപ്പിനൊപ്പം നിൽക്കുന്ന, അതിനെ പ്രേക്ഷകന് മുൻപിൽ വരച്ചു കാണിക്കുന്ന പ്രകടനമാണ് മാലികിലെ ഓരോ കഥാപാത്രങ്ങൾക്ക് വേണ്ടിയും അഭിനയിച്ചവരെല്ലാം നൽകിയിരിക്കുന്നത്.

ഗ്യാങ്സ്റ്റർ സിനിമകളിൽ കണ്ടു പരിചയമുള്ള കഥാപാത്ര സൃഷ്ടിയാണ് ഫഹദിന്റെ അലി ഇക്കയുടേത്. നീതിയ്ക്ക് വേണ്ടി അക്രമം തെരഞ്ഞെടുത്തതിന് ചെറുപ്പത്തിൽ തന്നെ സ്‌കൂളിൽ നിന്നും പുറത്താകുന്ന, പിന്നീട് കഞ്ചാവ് വിറ്റും ചെറിയ കള്ളക്കടത്ത് വഴിയും ജീവിക്കാൻ പഠിക്കുന്ന, ഇതിനിടയിൽ നാടിനോടും നാട്ടുകാരോടുമുള്ള കടപ്പാടും സ്നേഹവും കാത്തുസൂക്ഷിക്കുന്നയാളാണ് അലി ഇക്ക. അലി ഇക്കയ്ക്ക് അദ്ദേഹത്തിന്റേതായ നീതിബോധവും ന്യായീകരണങ്ങളുമുണ്ട്. എന്തെല്ലാം വെട്ടിപ്പിടിച്ചിട്ടും ഇതിനിടയിൽ വ്യക്തിജീവിതത്തിൽ താൻ നഷ്ടപ്പെടുത്തിയ ചിലതിനെ കുറിച്ചുള്ള അടങ്ങാനാകാത്ത നഷ്ടബോധം അയാളെ വേട്ടയാടുന്നുണ്ട്.

സിനിമ കഴിഞ്ഞൊന്ന് ആലോചിക്കുമ്പോൾ അലി ഇക്കയുടെ സ്റ്റോറി ലൈൻ നമ്മൾ മുൻപേ നിരവധി സിനിമകളിൽ കണ്ടുപരിചയമുള്ളതായി തോന്നിയേക്കാം. പക്ഷെ സിനിമ കാണുമ്പോൾ പരിചയമുള്ള കഥയാണല്ലോ ഇതെന്ന തോന്നൽ ഒരിടത്തു പോലും വരില്ല എന്നത് തിരക്കഥയുടെ മിടുക്കാണ്.

പ്രതീക്ഷിച്ചതു പോലെ, ഫഹദ് ഏറ്റവും കൺവിൻസിങ്ങായ രീതിയിൽ അലി ഇക്കയെ അവതരിപ്പിച്ചിട്ടുണ്ട്. മുപ്പത് വർഷക്കാലയളവ് കാണിക്കുന്ന ചിത്രത്തിൽ ചെറുപ്പത്തിലെ ഊർജസ്വലതയിൽ നിന്നും കരുത്തും കടുപ്പവും നിറഞ്ഞ യുവത്വത്തിലേക്കും പിന്നീട് ഇൻസുലിൻ കുത്തിവെപ്പ് നടത്തുന്ന വാർധക്യത്തിലേക്കും ഫഹദ് പ്രയാസങ്ങളില്ലാതെ സഞ്ചരിക്കുന്നുണ്ട്.

ഇതിനിടയിൽ പ്രണയത്തിന്റെ സുന്ദരഭാവങ്ങളും എന്നെങ്കിലും സ്വന്തം ഉമ്മ തന്നെ അംഗീകരിക്കണമെന്ന ഒരു മകന്റെ അടങ്ങാത്ത ആഗ്രഹവും ഫഹദിന്റെ കണ്ണുകളിൽ നിറയുന്നത് മനോഹരമായ കാഴ്ചയാണ്.

മാലിക്കിലെ റോസ്ലിനെ നിമിഷ മികച്ചതാക്കിയിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും കൃത്യമായി പറയുന്ന റോസ്ലിന്റെ, ആ ഉറച്ച നിലപാടുകൾ ചെറുപ്പത്തിലും വാർധക്യത്തിലും അവതരിപ്പിക്കുന്നതിൽ കൊണ്ടുവന്നിട്ടുള്ള വ്യത്യസ്തതയും കയ്യടക്കവുമാണ് നിമിഷയുടെ പെർഫോമൻസിനെ മികച്ചതാക്കുന്നത്. പ്രണയവും മരണമുണ്ടാക്കുന്ന നഷ്ടബോധവും തളർന്നിരിക്കുന്ന പങ്കാളിക്ക് ധൈര്യം നൽകുന്നതും തുറന്നടിച്ച് അഭിപ്രായം പറയുന്നതുമെല്ലാം ഓരോ സീനുകളിലും നിമിഷ സുന്ദരമാക്കിയിട്ടുണ്ട്.

കഥാപാത്രത്തിലേക്ക് വരുമ്പോൾ, ക്രിസ്ത്യനായി തുടരാൻ സുലൈമാൻ റോസ്ലിനെ അനുവദിക്കുന്നതും മക്കളെ മുസ്ലിമായി വളർത്തണമെന്ന് ആവശ്യപ്പെടുന്നതും അന്നത്തെ കാലഘട്ടത്തിൽ അസാധാരണമായ കാഴ്ചയൊന്നുമല്ലെങ്കിലും അതിനോട് റോസ്ലിൻ പെട്ടെന്ന് തന്നെ സമ്മതം മൂളുന്നത്, അതുവരെയുള്ള റോസ്ലിന്റെ കഥാപാത്രസൃഷ്ടിയുമായി ചേരാതെ പോകുന്നുണ്ട്. സ്ത്രീകൾക്ക് മേലുള്ള അധികാരബോധത്തിന് ഒരു കെട്ടിപ്പിടുത്തത്തിലൂടെ സമ്മതം പറയുന്ന റോസ്ലിനെയാണ് ആ സീനിൽ കാണാനാകുക.

ചിത്രത്തിൽ ഏറ്റവും സഹതാപം തോന്നുന്ന കഥാപാത്രം വിനയ് ഫോർട്ട് അവതരിപ്പിച്ച ഡേവിഡാണ്. എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്ന, വരുവരായ്കകളെ കുറിച്ച് പേടിയുള്ള, എന്നാൽ എടുത്തച്ചാട്ടക്കാരൻ കൂടിയായ ഡേവിഡായി വിനയ് ഫോർട്ട് അഭിനന്ദനാർഹമായ പെർഫോമൻസ് നൽകുന്നുണ്ട്. സ്‌കൂളിന് പേരിടുന്ന സമയത്തും റോസ്ലിന്റെ കുഞ്ഞിന് പേരിടുന്ന സമയത്തും കുഞ്ഞിനെ വളർത്താൻ തങ്ങൾക്ക് സാധിക്കുമെന്ന് റോസ്ലിനോട് പറയുന്ന സമയത്തുമെല്ലാം സമുദായം എന്ന വികാരം, അറിഞ്ഞും അറിയാതെയും പുറത്തുവരുന്ന വഴികൾ ഡേവിഡിൽ കൃത്യമായി കാണാൻ സാധിക്കും.

ദിലീഷ് പോത്തന്റെ അബുവായിരിക്കും ഒരുപക്ഷെ മാലികിൽ ഏറ്റവും കൂടുതൽ ചർച്ചയാകാൻ പോകുന്നതും വിമർശനം നേരിടാൻ പോകുന്നതുമായ കഥാപാത്രം. സ്വാർത്ഥതയ്ക്കും ലാഭത്തിനും പ്രാധാന്യം നൽകുന്ന, വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന അബു എന്ന എം.എൽ.എയായാണ് ദിലീഷ് പോത്തൻ എത്തുന്നത്.

മറ്റെല്ലാ കഥാപാത്രങ്ങൾക്കും തങ്ങളുടേതായ ചില ശരികളും ന്യായീകരണങ്ങളും മഹേഷ് നാരായണൻ നൽകുന്നുണ്ടെങ്കിൽ, അബുവിനെ മാത്രമാണ് അത്തരം വായനകൾക്ക് അവസരം നൽകാതെ നിർത്തിയിരിക്കുന്നത്. കൂട്ടത്തിൽ നെഗറ്റീവ് ടച്ച് ഏറ്റവും കൂടുതലുള്ള ഈ കഥാപാത്രത്ത കൂടി വെച്ചായിരിക്കും മാലിക് എങ്ങനെയാണ് ബീമാപള്ളി സംഭവത്തെയും മുസ്ലിം രാഷ്ട്രീയത്തെയും സമീപിച്ചതെന്ന് ചർച്ചയാവുക.

പ്രധാന കഥാപാത്രങ്ങളെ മാത്രമല്ല, മാലികിലെ ഓരോ കഥാപാത്രത്തെയും മനസിൽ തട്ടും വിധമാണ് വാർത്തെടുത്തിരിക്കുന്നത്. കേന്ദ്ര കഥാപാത്രത്തിൽ മാത്രം ഒതുങ്ങിപ്പോകാതെ ഓരോ കഥാപാത്രത്തിനും കൃത്യമായ വ്യക്തിത്വവും ഡെവലപ്മെന്റും നൽകാൻ മഹേഷ് നാരായണൻ കാണിച്ച ശ്രദ്ധ എടുത്തുപറയേണ്ടതാണ്. അതുകൊണ്ട് തന്നെ രണ്ടേ രണ്ട് സീനിൽ മാത്രം വന്നുപോയ അപ്പാനി രവിയുടെ ഷിബു പോലും പ്രേക്ഷകന്റെ മനസിൽ നിൽക്കും.

അലി ഇക്കയുടെ ഉമ്മയായി എത്തിയ ജലജ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടിമാരുടെ പട്ടികയിലേക്ക് ഒരാളെ കൂടി ലഭിച്ചിരിക്കുകയാണെന്ന് മലയാള സിനിമക്ക് എന്ന് ഉറപ്പിച്ചു പറയാം. ജോജു ജോർജ് കളക്ടറായി തിളങ്ങുന്നുണ്ട്.

മാലികിലെ മൂന്ന് കഥാപാത്രങ്ങളും അവരുടെ പെർഫോമൻസും പ്രേക്ഷകന് പെട്ടെന്ന് മറക്കാനാകില്ല, പൊലീസായി എത്തിയ ഇന്ദ്രൻസ്, ഡേവിഡിന്റെ മകനായ ഫ്രെഡിയെ അവതരിപ്പിച്ച സനൽ അമൻ, ജയിലിലെ ഡോക്ടറായ പാർവതി കൃഷ്ണ. വരുന്ന ഓരോ സീനും മൂന്ന് പേരും ഗംഭീരമാക്കുന്നുണ്ട്.

ഇന്ദ്രൻസിന്റെ പൊലീസുകാരൻ പൊലീസ് സംവിധാനം വഴി നടക്കുന്ന കുറ്റകൃത്യങ്ങളെ ഏറ്റവും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുമ്പോൾ, ആ സംവിധാനത്തിലെ ക്രൂരത സിനിമയ്ക്ക് ശേഷവും നമ്മളെ വീണ്ടും വീണ്ടും ചിന്തിപ്പിക്കും. ഇന്ദ്രൻസ് ഒരു അസാധ്യ നടനാണെന്ന് മാലിക് ഒന്നു കൂടി കാണിച്ചു തരികയാണ്. ഈ മൂന്ന് പേരുടെയും ആക്ഷനുകൾക്ക് സിനിമയുടെ കഥാഗതിയിൽ വലിയ പ്രാധാന്യമുള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ല.

ഏച്ചുകൂട്ടലുകളില്ലാതെ തിരുവനന്തപുരത്തെ കടപ്പുറത്തെ സ്ലാങ്ങിൽ ഓരോരുത്തരും സംസാരിക്കുന്നതും സിനിമയുടെ ആസ്വാദനം പൂർണ്ണമാക്കുന്നതിൽ സഹായിക്കുന്നുണ്ട്.

അഭിനേതാക്കളെ സിനിമയ്ക്ക് ചേരുന്ന രീതിയിൽ അഭിനയിപ്പിച്ചെടുക്കാൻ കഴിവുള്ള സംവിധായകരുടെ കൂട്ടത്തിൽ മുൻപന്തിയിലായിരിക്കും മഹേഷ് നാരായണന്റെ സ്ഥാനമെന്ന് മാലിക് കാണിച്ചുതന്നിട്ടുണ്ട്. ഒരൽപം കൂടുതലോ കുറവോ ഇല്ലാതെ കൃത്യമായ പാകത്തിൽ ഓരോരുത്തരെയും ചേർത്തു വെച്ചിരിക്കുന്നു. അതുപോലെ തന്നെ സംവിധായകനും എഡിറ്ററും ഒരാളായതു കൊണ്ടാകാം, ആവശ്യമില്ലാത്തത് എന്നു തോന്നിക്കുന്ന സീനുകളൊന്നും തന്നെ ചിത്രത്തിൽ കാണാനാകില്ല.

പ്രേക്ഷകനെ സിനിമയുടെ കൂടെ കൊണ്ടുപോകുന്നതിൽ സഹായിക്കുന്ന മറ്റൊരു ഘടകം ക്യാമറയാണ്. സാനു ജോൺ വർഗീസ് കഥയോട് ഏറ്റവും ചേർന്നുനിന്നു കൊണ്ടാണ് മാലികിനായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തിലെ 13 മിനിറ്റ് ദൈർഘ്യമുള്ള സിംഗിൾ ഷോട്ടിന് സാനു ജോണിന് പ്രത്യേകം അഭിനന്ദനം വരുന്നുണ്ട്.

സുഷിൻ ശ്യാമിന്റെ സംഗീതം തിയേറ്റർ എക്സ്പീരിയൻസിനു വേണ്ടി തയ്യാറാക്കിയതായതിനാൽ ലാപ്ടോപ്പിലോ ഫോണിലോ മാലിക് കാണുമ്പോൾ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരൽപം അധികമായോ എന്ന് തോന്നിയേക്കാം, പ്രത്യേകിച്ചും ചെറുപ്പത്തിലെ സുലൈമാന്റെ മാസ് സീനുകളിൽ.

ഇനി, മാലികിന്റെ മേക്കിംഗ് ബ്രില്യൻസ് കയ്യടി നേടുമ്പോഴും ചിത്രം കൈകാര്യം ചെയ്ത വിഷയത്തെ പറ്റി ചെറുതല്ലാത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. കേരള പൊലീസിന്റെ ഏറ്റവും വലിയ നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കപ്പെടുന്ന 2009ലെ ബീമാപള്ളി വെടിവെപ്പിനെയും തുടർ സംഭവങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ് മാലിക്.

സിനിമയിലെവിടെയും ബീമാപള്ളി എന്ന പേര് ഉപയോഗിക്കുന്നില്ലെങ്കിലും അന്ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ ചിത്രത്തിൽ പുനരാവിഷ്‌കരിക്കപ്പെടുന്നുണ്ട്. വെടിവെപ്പിൽ കൊല്ലപ്പെട്ട കൗമാരക്കാരനെ പൊലീസ് തീരത്തേക്ക് താങ്ങിയെടുത്ത് എത്തിക്കുന്നതൊക്കെ ഉദാഹരണമാണ്.

വെടിവെപ്പിന് ശേഷം ചിലർ ഉയർത്തിയ ക്രിസ്ത്യൻ മുസ്ലിം സംഘർഷം എന്ന നരേറ്റീവുകളിലേക്ക് ചിത്രം എത്തുന്നില്ല എന്നുള്ളത് ഏറെ ആശ്വാസകരമാണ്. ജനങ്ങൾ തമ്മിൽ തികഞ്ഞ ഐക്യം പുലർത്തിയിരുന്ന നാട് തന്നെയായിരുന്നു ഇതെന്നും അവിടെ പൊലീസ് നടത്തിയ നരനായാട്ട് മാത്രമായിരുന്നു അന്നത്തെ സംഭവമെന്നും ചിത്രം കൃത്യമായി പറയുന്നുണ്ട്.

പക്ഷെ, അവസാന ഭാഗത്ത് ഒരു കഥാപാത്രം പറയുന്ന ഒരൊറ്റ പ്രസ്താവന ഒഴിച്ചു നിർത്തിയാൽ സിനിമയിലെ ‘റമദാപള്ളി’ വെടിവെപ്പിലെ സർക്കാർ പങ്കിനെ കുറിച്ച് മാലിക് തികഞ്ഞ മൗനം പാലിക്കുകയാണ്. 2009ൽ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരുന്ന സമയത്ത് നടന്ന ബീമാ പള്ളി പൊലീസ് അതിക്രമത്തെ പരാമർശിക്കുന്ന ചിത്രത്തിൽ, സർക്കാർ ഒരിക്കൽ പോലും കടന്നുവരാത്തതും സംഭവം പൊലീസ് ആക്ഷൻ മാത്രമായി അവതരിപ്പിച്ചതും മഹേഷ് നാരായണന് നേരെ ചോദ്യമായി ഉയരും.

താളപ്പിഴകൾ സംഭവിച്ച ഒരു വ്യക്തിബന്ധത്തിന്റെയും മുൻപ് നടന്ന ഒരു പ്രതികാര കൊലപാതകത്തിന്റെയും പശ്ചാത്തലത്തിൽ, തെറ്റായ ഉദ്ദേശങ്ങളില്ലാതിരുന്ന ഒരു കളക്ടറും, പിന്നെ പൊലീസും സ്വാർത്ഥ ലാഭം കൊയ്യാൻ നടന്ന ഒരു മുസ്ലിം എം.എൽ.എയും അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും കൂടി ചരടുവലിച്ച് നടത്തിയ കലാപമായിട്ടാണ് ചിത്രം സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിലെ കള്ളക്കടത്തും ആയുധങ്ങളെത്തുന്നതും പള്ളിയിലെത്തുന്നവരെ തോക്കെടുക്കാൻ കൂടി പഠിപ്പിക്കണോയെന്ന ചോദ്യങ്ങളൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിലും ഇസ്ലാമോഫോബിക് നരേറ്റീവുകളുടെ പേരിലും തീർച്ചയായും വിമർശനം ചെയ്യപ്പെടും.

സങ്കീർണമായ കഥയുമായെത്തിയ മാലിക് തീർച്ചയായും സിനിമയിൽ ഉൾച്ചേർന്നിട്ടുള്ള വിവിധ ലെയറുകളിൽ വെച്ച് ചർച്ച ചെയ്യപ്പെടും. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങളും തീർച്ചയായും ഉണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക