ക്രൈം ഡെസ്‌ക്

കോട്ടയം: മൂന്നു വർഷം മുൻപ് കേരളത്തെ ഇളക്കിമറിച്ച കെവിൻ കൊലക്കേസിനു സമാനമായ രീതിയിൽ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ. പത്തനംതിട്ട തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്പഭവനിൽ സജീദ് (34), സതീഷ് (26), തോട്ടപ്പുഴശേരി മാരാണൺമുറികമ്പിൽ കുറുങ്ങര നെല്ലിക്കൽ ഭാഗത്ത് ഇലവങ്ങാട്ട് അഭിഷേക് പി.നായർ (25) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് നൽകാൻ പണം വാങ്ങിയ ശേഷം അക്രമി സംഘത്തെ കരിയിലയും ചപ്പും ചവറും നൽകിയ പറ്റിച്ചതിന്റെ വൈരാഗ്യത്തിനാണ് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയത്.

വെള്ളൂർ ഇറുമ്പയം ഇഞ്ചിക്കാലായിൽ ജോബിൻ ജോസിനെ (24)യാണു മാർച്ച് മൂന്നിനു രാത്രി ഒമ്പതരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഗുണ്ടാ മാഫിയ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്നു വരെ നീണ്ടു നിന്ന മാരത്തോൺ അന്വേഷണത്തിനൊടുവിൽ നേരത്തെ കേസിലെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു. പത്തനംതിട്ട കോയിപ്രം ദ്വാരകയിൽ ലിബിൻ (28), കോയിപ്രം മോളിക്കൽ ചരിവുകാലായിൽ രതീഷ് (26) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

രണ്ടു വർഷത്തിലേറെയായി വെള്ളൂരിലെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ലോഡ്ജിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാളുടെ ഇടപാടുകൾ എല്ലാം ദുരൂഹമാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതികൾ അടങ്ങുന്ന കഞ്ചാവ് മാഫിയ സംഘത്തിനു ജോബിൻ കഞ്ചാവ് വിറ്റത്. കഞ്ചാവ് വിൽക്കുന്നതിനായി പ്രതികൾ അടങ്ങിയ സംഘത്തിൽ നിന്നും ജോബിൻ 25000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം കഞ്ചാവിനു പകരമായി നൽകിയത് ചപ്പും ചവറും അടങ്ങിയ പൊതിയായിരുന്നു.

ഇതിനു പ്രതികാരം ചെയ്യുന്നതിനായാണ് ഗുണ്ടാ മാഫിയ സംഘം കഴിഞ്ഞ ദിവസം നഗരത്തിൽ എത്തിയത്. തുടർന്നു, ജോബിനെ കണ്ടെത്തിയ സംഘം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾ പത്തനംതിട്ടയിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. തുടർന്നു, ഗാന്ധിനഗർ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.കെ പ്രശോഭ്, സി.പി.ഒമാരായ രാകേഷ് , പ്രവീണോ, അനീഷ്, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക