കാസര്‍കോട്: ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് ഹരമാക്കിയ 75കാരനായ വെള്ളച്ചാലിലെ പി.പി.രാഘവന്‍ ഇതുവരെ ചെലവിട്ടത് മൂന്നരക്കോടിയോളം രൂപ. കൃത്യമായ കണക്കില്ലെങ്കിലും എടുത്ത ടിക്കറ്റുകളില്‍ ഭൂരിപക്ഷവും വീട്ടില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. പതിനെട്ടാം വയസില്‍ തുടങ്ങിയതാണ് കര്‍ഷകനായ രാഘവന് ലോട്ടറിയോടുള്ള ഇഷ്ടം.

ചെറിയ സമ്മാനങ്ങള്‍ ഇടയ്ക്ക് കിട്ടുന്നതിനാല്‍ വാര്‍ദ്ധക്യത്തിന്റെ അവശതയിലും ലോട്ടറിയെടുപ്പ് മുടങ്ങിയിട്ടില്ല. 57 വര്‍ഷമായി ലോട്ടറി എടുക്കുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഒരു രൂപയുടെ ഭൂട്ടാന്‍ ലോട്ടറിയിലായിരുന്നു ആദ്യ ഭാഗ്യപരീക്ഷണം. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതുവരെ അവയുള്‍പ്പെടെ മാറിമാറി പരീക്ഷിച്ചു. ചെറിയ സമ്മാനങ്ങള്‍ ഇടക്കിടെ കിട്ടുമായിരുന്നു. മൂന്നക്കത്തിന് നാലായിരം രൂപ കിട്ടുന്ന ഭൂട്ടാന്‍ ലോട്ടറി പലതവണ അടിച്ചു. 50,000 രൂപയാണ് കേരള ലോട്ടറിയില്‍നിന്നു ലഭിച്ച ഏറ്റവുമുയര്‍ന്ന സമ്മാനത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏജന്റുമാരുടെ പ്രിയപ്പെട്ട കസ്റ്രമറാണ് രാഘവന്‍. ദിവസം 500 മുതല്‍ 3000 രൂപവരെ ടിക്കറ്റിനായി ചെലവിട്ടിരുന്ന സമയമുണ്ട്. 15 വര്‍ഷത്തോളം പയ്യന്നൂര്‍, കാഞ്ഞങ്ങാട് യാത്ര നടത്തിയാണ് ടിക്കറ്റ് എടുത്തിരുന്നത്. 1968ല്‍ കേരള ലോട്ടറി തുടങ്ങിയതുമുതല്‍ വാങ്ങുന്ന ടിക്കറ്റുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ തുടങ്ങി. ലോട്ടറിക്ക് വന്‍തുക ചെലവിടുന്നത് ബന്ധുക്കളും സുഹൃത്തുക്കളും പലതവണ നിരുത്സാഹപ്പെടുത്തിയെങ്കിലും നിറുത്തിയില്ല.

നട്ടെല്ലിനേറ്റ ക്ഷതവും ജീവിതശൈലീ രോഗങ്ങളും അലട്ടുന്നതിനാല്‍ ഇപ്പോള്‍ അധികം പുറത്തിറങ്ങാറില്ല. പഴയതിന്റെ അത്ര ഇല്ലെങ്കിലും ലോട്ടറി എടുക്കുന്നത് പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല. ശാന്തയാണ് ഭാര്യ. ദമ്ബതികള്‍ക്ക് മക്കളില്ല. കൃഷിയില്‍ നിന്ന് കിട്ടുന്ന ആദായത്തിന്റെ ഒരുവിഹിതമാണ് ലോട്ടറിക്കായി ചെലവിടുന്നത്. ഒരു ഏക്കര്‍ വീതം തെങ്ങിന്‍പറമ്ബും നെല്‍പ്പാടവുമുണ്ട്. വാഴ, പച്ചക്കറി കൃഷിയുമുണ്ട്. 10 വര്‍ഷം പശുവളര്‍ത്തലും നടത്തി. 1994ല്‍ മികച്ച നാളികേര കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

വാർത്താ കടപ്പാട്: കേരള കൗമുദി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക