കൊല്ലം: ലോഡുമായി വന്ന റെഡിമിക്സ് ലോറി കയറ്റത്തില്‍ നിന്ന് പിന്നോട്ട് പോയി പാതയോരത്തെ വീടിന് മുകളിലേക്ക് മറിഞ്ഞു. വീടിന് ഭാഗികമായി തകരാറുകള്‍ സംഭവിച്ചു. സംഭവസമയത്ത് വീടിനകത്തായിരുന്ന വീട്ടമ്മ പൂജാമുറിയിലേക്ക് ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പെട്ട ലോറിയുടെ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വീടിന്റെ മുന്‍ ഭിത്തിയും കോണ്‍ഗ്രീറ്റ് ഷെയ്ഡും തകര്‍ന്ന് ലോറി വീട്ടിനുള്ളിലേക്ക് കയറിയ നിലയിലാണ്. അപകടത്തിന് പിന്നാലെ കോണ്‍ഗ്രീറ്റ് മിശ്രതം വീട്ടിലാകെ വ്യാപിച്ചു. വീടിന്റെ നടുത്തളം മുഴുവന്‍ ലോറി വീണ് തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടിന്റെ തറയടക്കം ഇടിഞ്ഞ നിലയിലാണ്. മൈലം-കുരാ പാതയില്‍ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപമാണ് അപകടം. അഖില്‍ ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീടാണ് തകര്‍ന്നത്. ഭാര്യ ഗിരിജയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടൂരില്‍ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ഗ്രീറ്റ് മിശ്രിതവുമായി വന്നതാണ് ലോറി. കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഉരുണ്ടു പോയ ലോറി സമീപത്ത് അല്‍പം താഴ്ചയിലുള്ള വീട് തകര്‍ത്ത് മറിഞ്ഞ് നില്‍ക്കുകയായിരുന്നു. അതേസമയം ലോറിയുടെ പിന്നില്‍ ഉണ്ടായിരുന്ന സ്കൂള്‍ ബസ് പെട്ടെന്ന് പിന്നോട്ട് മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസില്‍ ഇടിക്കുമായിരുന്ന ലോറി തലനാരിഴയ്ക്കാണ് തെന്നിമാറിയത്.

ലോറിയുടെ ടയര്‍ ഉപയോഗ ശൂന്യമായ അവസ്ഥയിലായിരുന്നുവെന്നും, ഒരു ടയര്‍ പൊട്ടിയിരുന്നെന്നും, വണ്ടി നിര്‍ത്തണമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായും ദൃസാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് ഡ്രൌവര്‍ വണ്ടിയെടുത്തതെന്നുമാണ് ആരോപണം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഗിരിജയിപ്പോള്‍. പെട്ടെന്ന് പിന്നോട്ട് ലോറി വരുന്നത് കണ്ടപ്പോള്‍ തന്നെ മാറിയതിനാലാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും ഗിരിജ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക