ഐ.പി.എസുകാര്‍ സ്വന്തം സാമ്രാജ്യം പോലെ വാഴുന്ന കേരളാപൊലീസില്‍ അടിമപ്പണിയും ദാസ്യവേലയും പൊടിപൊടിക്കുകയാണ്. ഏറാന്‍മൂളികളെപ്പോലെ നിരവധി പൊലീസുകാരെ ഐ.പി.എസ് ഏമാന്‍മാര്‍ ഒപ്പം കൊണ്ടുനടക്കുന്നു. ഭാര്യയുടെയും മക്കളുടെയും വസ്ത്രം കഴുകാനും വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും കാലികളെ വളര്‍ത്താനും മുതല്‍ സ്വന്തം ബിസിനസ് സാമ്രാജ്യങ്ങള്‍ നോക്കിനടത്താന്‍ വരെ ഖജനാവില്‍ നിന്ന് അരലക്ഷം വരെ മാസശമ്ബളം വാങ്ങുന്ന പൊലീസുകാരെ ഉപയോഗിക്കുന്നു. വളര്‍ത്തുനായ്ക്കളെ കുളിപ്പിക്കാനും വിസര്‍ജ്യം കോരാനും വിസമ്മതിച്ച ഗണ്‍മാന്‍ ആകാശിനെ ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി നവനീത് ശര്‍മ്മ വസതിയില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി സസ്പെന്‍ഡ് ചെയ്തതും കള്ളക്കേസിന് പിന്നില്‍ അടിമപ്പണിയാണെന്ന് തിരിച്ചറിഞ്ഞ് മണിക്കൂറുകള്‍ക്കകം ഐ.ജി അനൂപ് കുരുവിള ജോണ്‍ സസ്പെന്‍ഷന്‍ റദ്ദാക്കി ആകാശിനെ തിരിച്ചെടുത്തതും കഴിഞ്ഞയാഴ്ചയാണ്.

ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ മറ്റാരുമില്ലാത്ത സമയത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അനധികൃതമായി പ്രവേശിച്ച്‌ ഹാളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതായി ടെലികമ്മ്യൂണിക്കേഷന്‍ ആസ്ഥാനത്തെ സബ്‌ഇന്‍സ്പെക്ടറെക്കൊണ്ട് സ്പെഷ്യല്‍റിപ്പോര്‍ട്ട് എഴുതിവാങ്ങിച്ചായിരുന്നു ഐ.പി.എസ് ഏമാന്റെ സസ്പെന്‍ഷന്‍ പ്രയോഗം. യഥാര്‍ത്ഥത്തില്‍ സംഭവം മറ്റൊന്നായിരുന്നു. എസ്.പിയുടെ ഇതരസംസ്ഥാനക്കാരനായ ജോലിക്കാരന്‍ ആകാശിനെ എസ്.പിയുടെ വസതിയിലേക്ക് വിളിപ്പിച്ച്‌ നായ്ക്കളെ കുളിപ്പിക്കാനും വിസര്‍ജ്ജ്യം കോരിമാറ്റാനും ആവശ്യപ്പെട്ടു. നായ്ക്കളെ കുളിപ്പിക്കുന്നതും വിസര്‍ജ്യം കോരിമാറ്റുന്നതും തന്റെ പണിയല്ലെന്ന് പറഞ്ഞ് ആകാശ് ഗണ്‍മാന്‍മാരുടെ റെസ്റ്റ് റൂമില്‍ ഇരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന കള്ളക്കഥ മെനഞ്ഞുള്ള സസ്പെന്‍ഷന്‍. ഐ.പി.എസ് ക്വാര്‍ട്ടേഴ്സ് ഒന്നാം നമ്ബര്‍ വില്ലയാണ് എസ്.പിക്കായി അനുവദിച്ചിരുന്നത്. റെയില്‍വേ ഉദ്യോഗസ്ഥയായ ഭാര്യയുടെ ക്വാര്‍ട്ടേഴ്സിലാണ് അദ്ദേഹം താമസിക്കുന്നത്. വല്ലപ്പോഴുമേ ക്വാര്‍ട്ടേഴ്സിലെത്തൂ. ഉത്തരേന്ത്യക്കാരനായ കെയര്‍ടേക്കറാണ് ഐ.പി.എസ് ക്വാര്‍ട്ടേഴ്സിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസുകാരെക്കൊണ്ട് വീട്ടുജോലിയും അടിമപ്പണികളും ചെയ്യിച്ചാല്‍ എത്ര ഉന്നതനായാലും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി താക്കീത് നല്‍കിയിട്ടും ഏമാന്‍മാര്‍ വഴങ്ങുന്നില്ല. തോളിലെ നക്ഷത്രങ്ങളുടെയും ഐ.പി.എസ് അധികാരത്തിന്റെയും ഗര്‍വിലാണ് പൊലീസുകാരെക്കൊണ്ട് ദാസ്യവൃത്തി ചെയ്യിപ്പിക്കുന്നത്. വിധേയരെന്ന് തോന്നുന്ന പൊലീസുകാരെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് എന്ന ഓമനപ്പേരിട്ടാണ് ദാസ്യവേലയ്ക്കായി വീട്ടിലെത്തിക്കുന്നത്. പട്ടിയെ കുളിപ്പിക്കാനും വീട്ടില്‍ ടൈല്‍സ് പണിക്കും ചന്തയില്‍ പോയി മീന്‍വാങ്ങാനും അടുക്കളയില്‍ പാചകത്തിനും പൂന്തോട്ടം നനയ്ക്കാനും പൊലീസുകാരെ നിയോഗിക്കുന്ന ഏമാന്‍മാരുണ്ട്. മുന്‍പ് ഇരുപതുപേരെ വരെ ഐ.പി.എസുകാര്‍ ഒപ്പംകൂട്ടിയിരുന്നു. ഭാര്യയുടെയും മക്കളുടെയും വസ്ത്രം കഴുകാനും കാലിവളര്‍ത്താനും പശുവിന് പുല്ലും വൈക്കോലുമെത്തിക്കാനും മുതല്‍ പലിശയ്‌ക്ക് കൊടുത്ത തുകയുടെ പിരിവിനുവരെ പൊലീസുകാരെ ഉപയോഗിച്ചിരുന്നു.

പൊലീസുകാര്‍ക്ക് നേരെ ജാതീയ അധിക്ഷേപം നടത്തുന്ന ഐ.പി.എസ് കൊച്ചമ്മമാരുമുണ്ട്. ഐ.പി.എസുകാരുടെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഷോപ്പിംഗിന് പോവേണ്ടതും ബ്യൂട്ടിപാര്‍ലറുകളിലും ഹെല്‍ത്ത് ക്ലബുകളും കാവല്‍ നില്‍ക്കേണ്ടതും പൊലീസുകാരാണ്. ഉത്തരേന്ത്യന്‍ ഉദ്യോഗസ്ഥന്റെ ഭാര്യ വെളുത്ത നിറമില്ലാത്തവരെ വീട്ടില്‍ കയറ്റാറില്ല. മദ്യംവിളമ്ബാനും പൊലീസുകാരെ ഉപയോഗിക്കുന്നവരുണ്ട്. ബിവറേസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യംവാങ്ങി, ഒപ്പം കഴിക്കാനുള്ള ലഘുഭക്ഷണവും തയ്യാറാക്കി കാത്തിരിക്കണം. ഓരോ പെഗ് ഒഴിച്ചുകൊടുത്തിട്ടും പൊലീസുകാരനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചിരുന്നത് ഡി.ജി.പി റാങ്കില്‍ വിരമിച്ച ഏമാനാണ്.

ഐ.പി.എസുകാരുടെ ബിസിനസ് നോക്കിനടത്തുന്ന പൊലീസുകാരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് ഉന്നതന്റെ ബിസിനസ് നോക്കിനടത്തിയിരുന്ന ചില ഉദ്യോഗസ്ഥര്‍ രാജിവച്ച്‌ സ്വന്തമായി ബിസിനസ് ആരംഭിച്ച ചരിത്രവുമുണ്ട്. തിരുവനന്തപുരത്തെ അസി.കമ്മിഷണര്‍ പൊലീസുകാരെ ഉപയോഗിച്ചായിരുന്നു ചാല കമ്ബോളത്തില്‍ പലിശയ്ക്ക് പണം നല്‍കി പിരിവെടുത്തിരുന്നത്. ബിനാമി ഇടപാടുകള്‍ക്കും ഒപ്പമുള്ള പൊലീസുകാരെ ഉപയോഗിക്കുന്നവരുണ്ട്. കടമുറികളുടെയും വീടുകളുടെയും വാടകപിരിക്കല്‍, കുട്ടികള്‍ക്ക് ട്യൂഷനെടുക്കല്‍ തുടങ്ങിയ ചുമതലകളുമുണ്ട്.

ബറ്റാലിയനിലും ക്യാമ്ബുകളിലും പാചകം, അലക്ക്, ശുചീകരണം, മുടിവെട്ട് എന്നിവയ്ക്കായി കുക്ക് കം സ്വീപ്പര്‍, സ്വീപ്പര്‍ കം സാനിട്ടേഷന്‍ വര്‍ക്കര്‍, ഡോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍ എന്നിങ്ങനെ തസ്തികകളിലുള്ള ക്യാമ്ബ് ഫോളോവര്‍മാരെക്കൊണ്ടും ദാസ്യപ്പണിയെടുപ്പിക്കുന്നു. ഇവരെ പൊലീസുദ്യോഗസ്ഥര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട്. പാലിച്ചില്ലെങ്കില്‍ ജോലിക്കുവച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കാം. ഫോളോവറുടെ ശമ്ബളത്തുക ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാം.

ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്ക് നിയോഗിച്ച സ്ത്രീകളെ സായുധബറ്റാലിയന്‍ കമന്‍ഡാന്റ് ക്യാമ്ബ് ഫോളോവര്‍മാരാക്കി ശമ്ബളം നല്‍കിയെന്ന കേരളകൗമുദി റിപ്പോര്‍ട്ട് നിയമസഭയിലടക്കം വന്‍കോളിളക്കം ഉണ്ടാക്കിയിരുന്നു. ഡി.ജി.പി സുധേഷ് കുമാര്‍ ക്യാമ്ബ് ഫോളോവര്‍മാരെക്കൊണ്ട് വീട്ടില്‍ അടിമപ്പണിയെടുപ്പിച്ചതിനെത്തുടര്‍ന്ന് സ്പെഷല്‍ റൂളില്‍ ഭേദഗതി വരുത്തി ക്യാമ്ബ് ഫോളോവര്‍മാരെ ലാസ്റ്റ് ഗ്രേഡ് സര്‍വീസ് വിഭാഗത്തിലുള്‍പ്പെടുത്തി. പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചാല്‍ പൊലീസ് ആക്‌ട് പ്രകാരം ആറുമാസം തടവുശിക്ഷയോ 2000രൂപ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാം. ഇത് മറികടക്കാന്‍ ഒപ്പംകൂട്ടിയിട്ടുള്ള പൊലീസുകാരെല്ലാം ഏതെങ്കിലും സ്പെഷ്യല്‍ യൂണിറ്റില്‍ ജോലിചെയ്യുന്നെന്ന് ഉദ്യോഗസ്ഥര്‍ രേഖയുണ്ടാക്കും.

ചില സാമ്ബിളുകള്‍ ഇതാ

  • ഐ.പി.എസുകാരന്റെ ബിനാമിയായിരുന്ന പൊലീസുകാരന് ഏമാന്റെ കോഴിക്കച്ചവടം നോക്കിനടത്തുകയായിരുന്നു ചുമതല. രേഖകളില്‍ പട്ടം ട്രാഫിക് സ്റ്റേഷനിലാണ് ജോലിയെങ്കിലും അഞ്ച് വര്‍ഷം ഒരുദിവസം പോലും പൊലീസുകാരന്‍ കാക്കിയിട്ടിട്ടില്ല, സ്റ്റേഷനില്‍ എത്തിയിട്ടില്ല. കുറേക്കാലം ഏമാന്റെ കച്ചവടം നോക്കിനടത്തിയ പൊലീസുകാരന്‍ പിന്നീട് അവധിയെടുത്ത് സ്വന്തമായി ഇറച്ചിക്കോഴി മൊത്തവ്യാപാരം തുടങ്ങി. പൊലീസിലെ ജോലി രാജിവച്ച്‌ കോടീശ്വരനായി വിലസുന്നു.
  • ഒരു എസ്.പി തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കടുത്തെ തന്റെ മെഡിക്കല്‍ഷോപ്പില്‍ പൊലീസുകാരനെ വര്‍ഷങ്ങളോളം സെയില്‍സ്‌മാനായി നിയോഗിച്ചിരുന്നു. പേട്ടയിലെ കടകളില്‍ നിന്ന് വാടകപിരിക്കാനും മക്കള്‍ക്ക് ട്യൂഷനെടുക്കാനും പൊലീസുകാരെ നിയോഗിച്ചിരുന്നതും മറ്റൊരു എസ്.പി. അടുത്തിടെ ഡി.ജി.പി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥന്‍ തന്റെ വമ്ബന്‍ചിട്ടികളുടെ പിരിവെടുക്കാനും നിയോഗിച്ചത് പൊലീസുകാരെത്തന്നെ.
  • ഡി.ജി.പിയായി വിരമിച്ച മലയാളി ഉദ്യോഗസ്ഥന്റെ ഹിന്ദിക്കാരിയായ ഭാര്യയ്ക്ക് സന്ധ്യമയങ്ങിയാല്‍ മദ്യപിക്കാനും ചീട്ടുകളിക്കാനും ക്ലബുകളില്‍ നിന്ന് ക്ലബുകളിലേക്ക് പറക്കണം. ഭാര്യയ്ക്ക് അകമ്ബടിക്കായി രണ്ട് പൊലീസ് വാഹനങ്ങളും ആറ് പൊലീസുകാരുമുണ്ട്. നേരം പുലരുവോളം ക്ലബുകള്‍ക്ക് മുന്നില്‍ പൊലീസുകാര്‍ കാത്തുനില്‍ക്കണം. വെളുപ്പാന്‍കാലത്ത് കൊച്ചമ്മ പൂരത്തെറി പറഞ്ഞ് തിരിച്ചെത്തും. വീട്ടിലെത്തിയാല്‍ താങ്ങിയെടുത്ത് വീട്ടിലെത്തിക്കേണ്ടതും പൊലീസുകാര്‍ തന്നെ.
  • ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പുലിവാലു പിടിച്ച ഡി.ജി.പി സുധേഷ്‌കുമാറിന്റെ പ്രവൃത്തികള്‍ കേട്ടാല്‍ ആരും മൂക്കത്തുവിരല്‍ വച്ചുപോവും. ബി.എസ്.എഫില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ ഡല്‍ഹിയില്‍ നിന്ന് തന്റെ വളര്‍ത്തുനായയെ തിരുവനന്തപുരത്ത് എത്തിക്കണമെന്ന് ഡോഗ്‌സ്ക്വാഡിലെ എസ്.ഐയോട് അദ്ദേഹം ആവശ്യപ്പെട്ടു. ട്രെയിനില്‍ നായയെ കൊണ്ടുവരാനായി ഡോഗ്സ്ക്വാഡിലെ ഉദ്യോഗസ്ഥനെ ബി.എസ്.എഫിന്റെ ഡോഗ് സ്ക്വാഡില്‍ പരിശീലനത്തിനെന്ന വ്യാജേന ഡല്‍ഹിക്കയച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക