ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരളസര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ആശങ്കയില്‍ ബംഗളൂരുവിലെ കോടതിയിലേക്ക് മാറ്റാന്‍ ഇ.ഡിയെ മുന്‍നിറുത്തി കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേസ് ബംഗളുരുവിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച്‌ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവര്‍ പ്രതികളായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള 610/2020 നമ്ബര്‍ കേസാണ് ബംഗളുരുവിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പ്രതിയായ സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടന്നത്. കേന്ദ്ര ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുമാണ് യോഗങ്ങളില്‍ പങ്കെടുത്തത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്ന ശേഷം അവര്‍ക്കെതിരെ എടുത്ത കേസും പൊലീസിന്റെ ഇടപെടലുകളും ഈ യോഗങ്ങളില്‍ ചര്‍ച്ചയായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്നയുടെ മൊഴി ജൂണ്‍ 22, 23 തീയതികളില്‍ ഇ.ഡി രേഖപ്പെടുത്തിയിരുന്നു. സ്വപ്ന സ്വന്തം നിലയില്‍ മജിസ്ടേറ്റ് കോടതി മുമ്ബാകെ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതി മാറ്റാന്‍ ഇ.ഡിയെ പ്രകോപിപ്പിച്ചത്

1. സ്വപ്‌നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളുടെ പേരു പറഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തു. (ഈ കേസുകള്‍ ഹൈക്കോടതി പിന്നീട് റദ്ദാക്കി)

2. ഇ.ഡി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വി.കെ. മോഹനനെ ജുഡിഷ്യല്‍ കമ്മിഷനായി നിയമിച്ചു. (ഇതു ഹൈക്കോടതി സ്റ്റേ ചെയ്തു.)

3. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഉന്നത പദവിയുള്ള ശിവശങ്കര്‍ സാക്ഷികളെ സ്വാധീനിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെ ഇടപെടുവിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കും.

4. സ്വപ്‌ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം. സ്വപ്നയെ കേസുകളില്‍ കുടുക്കി മൊഴി മാറ്റാന്‍ സര്‍ക്കാരും പൊലീസും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ആരോപണമുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക