ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെ ചേര്‍ന്ന എഐഎഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തൊട്ടുപിന്നാലെ ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും പുറത്താക്കി.

ഒ പനീര്‍ശെല്‍വത്തെയും അനുയായികളെയും പൂര്‍ണമായും അകറ്റി നിര്‍ത്തിയായിരുന്നു യോഗ നടപടികള്‍. യോഗം നടന്ന ഹാളിന് പുറത്ത് പാര്‍ട്ടിയുടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. ജയലളിതയുടെ മരണത്തിന് ശേഷം രൂപപ്പെട്ട ഇരട്ട നേതൃപദവി രീതി ജനറല്‍ കൗണ്‍സില്‍ റദ്ദാക്കി. എടപ്പാടി പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്ന പ്രമേയം യോഗം പാസാക്കി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ നിയമിക്കാന്‍ ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന പ്രമേയവും യോഗം പാസാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോ ഓഡിനേറ്റര്‍, ജോയിന്റ് കോ ഓഡിനേറ്റര്‍ പദവികള്‍ റദ്ദാക്കി. തുടര്‍ച്ചയായ പ്രമേയങ്ങള്‍ പാസാക്കുന്നതിനിടെ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് പനീര്‍ശെല്‍വത്തിന്റെ അനുയായികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. പളനിസ്വാമിയുടെ ബാനറുകളും പോസ്റ്ററുകളും ഇവര്‍ നശിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്ക് നടുവിലൂടെയാണ് പളനിസ്വാമി യോഗത്തിന് എത്തിയത്.

16 പ്രമേയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. ഒരു മണി വരെ യോഗം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. പളനിസ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുന്നത് വരെ ഞങ്ങള്‍ക്ക് വിശ്രമമില്ലെന്ന് മുന്‍ മന്ത്രി കദംബൂര്‍ രാജു പ്രഖ്യാപിച്ചു. പളനിസ്വാമിയുടെ അനുയായികളില്‍ പ്രമുഖരായ ആര്‍ വൈദിലിംഗം, മനോജ് പാണ്ഡ്യന്‍, ജെസിഡി പ്രഭാകരന്‍ എന്നിവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെ നേതാവുമായി ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന ആരോപണമാണ് പനീര്‍ശെല്‍വത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പുറത്താക്കിയതെന്നും പളനിസ്വാമി വിഭാഗം അറിയിച്ചു.

ഇതോടെ എഐഎഡിഎംകെയുടെ നിയന്ത്രണം പൂര്‍ണമായി എടപ്പാടി പളനിസ്വാമിയിലേക്ക് എത്തി. ഇന്ന് ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്നതിന് എതിര്‍പ്പുമായി രംഗത്തെത്തിയ ഒ പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് രാവിലെ 9.15ന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ പളനിസ്വാമി വിഭാഗം തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി ഇന്ന് രാവിലെ 9 മണിക്ക് ഹൈക്കോടതി തള്ളുകയായിരുന്നു. ഈ വേളയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് കലാപസമാന സാഹചര്യത്തിനിടയാക്കി.

പനീര്‍ശെല്‍വത്തിന്റെ അടുത്ത നീക്കം നിര്‍ണായകമായിരിക്കും. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള സാധ്യതയും തള്ളാനാകില്ല. വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. വികെ ശശികല അവസരം മുതലെടുക്കാനുള്ള സാധ്യതയും തള്ളാനാകില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക